കായ്കളുടെ വര്‍ണ്ണഭംഗിയാല്‍ അലങ്കൃതമായ റംബുട്ടാന്‍ ഒരു അലങ്കാരവൃക്ഷമായിട്ടും വീട്ടുവളപ്പിലും തൊടിയിലും നട്ടുവളര്‍ത്താവുന്നതാണ്. ഉള്‍ക്കാമ്പ് പ്രത്യേകതരം സ്വാദിനാല്‍ വളരെ മാധുര്യമേറിയതാണ്.വിവിധതരം വിറ്റാമിനുകള്‍, ധാതുക്കള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, മറ്റ് സസ്യജന്യസംയുക്തങ്ങള്‍ എന്നീ പോഷകങ്ങളാല്‍ സമൃദ്ധമാണ് റംബുട്ടാന്‍ പഴങ്ങള്‍. ഇതിന്റെ പുറംതോടിലും പള്‍പ്പിലും അടങ്ങിയിരിക്കുന്ന നിരവധി ആന്റി-ഓക്സിഡന്റുകള്‍ ശരീരകോശങ്ങളെ കാന്‍സര്‍ പോലുള്ള രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ട്രോപ്പിക്കല്‍ കാലാവസ്ഥ നിലനില്‍ക്കുന്ന ഏതൊരു പ്രദേശത്തും റംബുട്ടാന്‍ വളരുന്നതായി കാണുന്നു. അന്തരീക്ഷത്തിലെ ഉയര്‍ന്ന ആര്‍ദ്രതയും ഊഷ്മളമായ കാലാവസ്ഥയുമാണ് പ്രധാന ഘടകങ്ങള്‍. വര്‍ഷത്തില്‍ 150 മുതല്‍ 250 സെ.മീ വരെ മഴയും ആവശ്യമാണ്. സമുദ്രനിരപ്പില്‍ നിന്ന് 800 മീ വരെ ഉയരമുള്ള സ്ഥലങ്ങളാണ് കൃഷിയ്ക്ക് യോജിച്ചത്. ഏറ്റവും അനുയോജ്യമായ താപനില 22 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ചെറിയ തോതിലുള്ള താപനില വ്യതിയാനം ചെടികളുടെ വളര്‍ച്ചയേയും വിളവിനെയും ഗൗരവമായി ബാധിക്കാറുമില്ല. എല്ലാത്തരം മണ്ണിലും റംബുട്ടാന്‍ വളരുമെങ്കിലും നല്ല നീര്‍വാര്‍ച്ചയുള്ള പശിമരാശി മണ്ണാണ് നല്ല വളര്‍ച്ചയ്ക്കും മികച്ച വിളവിനും നല്ലത്. അമ്ലാംശവും ക്ഷാരാംശവും മിതമായിരിക്കണം (പി.എച്ച് മൂല്യം 4.5 മുതല്‍ 6.5 വരെ). വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ കൃഷി ഒഴിവാക്കേതാണ്. നല്ല സൂര്യപ്രകാശം ലഭ്യമാകുന്നതിനാല്‍ ചെരിവുള്ള സ്ഥലങ്ങളില്‍ മികച്ച വിളവ് പ്രതീക്ഷിക്കാം.