രാകേഷ് അസ്താനയെ ബിഎസ്എഫ് മേധാവിയായി നിയമിച്ചു.

 

സിബിഐ മുന്‍ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ ബിഎസ്എഫ് മേധാവിയായി നിയമിച്ചു. ഗുജറാത്ത് കേഡര്‍ ഐപിഎസ് ഓഫീസറായ അദ്ദേഹം നിലവില്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി മേധവിയായി പ്രവര്‍ത്തിച്ചു വരികയാണ്. ജൂലൈ 31 വരെയാണ് നിയമനം. 2019-ലാണ് അന്വേഷണ ഏജന്‍സിയില്‍ നിന്ന് അസ്താനയെ മാറ്റിയത്.

1984 ബാച്ചിലെ ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അസ്താന 2002-ലെ ഗോധ്ര സബര്‍മതി എക്സ്പ്രസ് തീവെപ്പ് കേസ് അടക്കം നിരവധി കേസുകള്‍ അന്വേഷിച്ചിട്ടുണ്ട്. കാലിത്തീറ്റ കുംഭകോണ കേസില്‍ 1997-ല്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ അറസ്റ്റു ചെയ്തതും അദ്ദേഹമാണ്.

സിവില്‍ വ്യോമയാന സുരക്ഷാ ബ്യൂറോ (ബിസിഎഎസ്) ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് ബിഎസ്എഫ് ഡയറക്ടര്‍ ജനറലായി നിയമനം. നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഡയറക്ടര്‍ ജനറലിന്റെ അധിക ചുമതലയും അദ്ദേഹത്തിനുണ്ടാവും.