മുഖ്യമന്ത്രി രാജി വയ്ക്കണം സ്പീക്ക് അപ്പ് കേരള’ സത്യഗ്രഹവുമായി യുഡിഎഫ്.

യുഡിഎഫ് നേതാക്കള്‍ നേതൃത്വം നല്‍കുന്ന ‘സ്പീക്ക് അപ്പ് കേരള’ സത്യഗ്രഹം ഇന്ന് നടക്കും. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസും സര്‍ക്കാരിന്റെ അഴിമതിയും സിബിഐ അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. രാവിലെ ഒമ്പത് മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയായിരിക്കും സത്യഗ്രഹം.

കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ച് നേതാക്കള്‍ അവരവരുടെ വീടുകളിലോ ഓഫീസുകളിലോ ആയിരിക്കും സത്യഗ്രഹം നടത്തുന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സൂം വഴി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് നിര്‍വഹിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസില്‍ സത്യഗ്രഹമിരിക്കും.