മലപ്പുറത്ത് ട്രക്കിംഗിന് പോയി മലമുകളില്‍ കുടുങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്തി

മലപ്പുറം മലപ്പുറത്ത് ട്രക്കിങ്ങിന് പോയി മലമുകളില്‍ കുടുങ്ങിയ 2 പേരെ കണ്ടെത്തി. കരുവാരക്കുണ്ട് കേരള കുണ്ട് വെള്ളച്ചാട്ടത്തിനു മുകളില്‍ പശ്ചിമഘട്ടത്തിന്റെ ഭാഗമായ മലയിലായിരുന്നു രണ്ടുപേര്‍ കുടുങ്ങിയത്. പ്രദേശിക സന്നദ്ധപ്രവര്‍ത്തകരുടേയും അഗ്‌നിരക്ഷാസേനയുടേയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. ഇവര്‍ കുടുങ്ങിയവര്‍ക്ക് 50 മീറ്റര്‍ അരികെ എത്തി. മല കയറാനെത്തിയ 3 പേരില്‍ ഒരാള്‍ ഇറങ്ങി. മറ്റു രണ്ടുപേര്‍ ഇറങ്ങാനാകാതെ മലമുകളില്‍ കുടുങ്ങുകയായിരുന്നു.കരുവാരക്കുണ്ട് മാമ്പുഴ കൊടുവണ്ണിക്കല്‍ സ്വദേശികളായ 3 പേര്‍ ചേര്‍ന്ന് ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് ട്രക്കിങ്ങിന് പോയത്. ഉച്ചയ്ക്ക് 3 മണിയോടെ ശക്തമായ മഴ പെയ്തു. ചോലകളില്‍ വെള്ളം കയറിയതോടെ രണ്ടു പേര്‍ പാറക്കെട്ടില്‍ വഴുതി വീഴുകയായിരുന്നു. ഒരാളുടെ കാലിന് പൊട്ടലുണ്ടെന്നതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്. ഇവര്‍ക്ക് താഴേക്ക് ഇറങ്ങാന്‍ കഴിയാതായി. മൂന്നാമന്‍ വൈകിട്ട് ആറു മണിയോടെ താഴെയെത്തി വിവരം അറിയിച്ചു. എന്നാല്‍, കൂട്ടുകാര്‍ കിടക്കുന്നത് ഏതു ഭാഗത്താണെന്ന് ഇയാള്‍ക്ക് ധാരണയില്ലായിരുന്നു. തുടര്‍ന്നാണ് പൊലീസും അഗ്‌നിരക്ഷാസേനാ വിഭാഗവും പ്രാദേശിക സന്നദ്ധ പ്രവര്‍ത്തകരും തിരച്ചിലിനായി പുറപ്പെട്ടത്.