സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീലിനെതിരെ യു.ഡി.എഫും ബി.ജെ.പിയും പ്രതിഷേധങ്ങള്‍ കടുപ്പിച്ചു. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും തീരുമാനം. ബി.ജെ.പി ഇന്ന് സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കുന്നുണ്ട്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ ജലീല്‍ വിഷയം സജീവമാക്കി നിറുത്താനും അതിലൂടെ സര്‍ക്കാരിനെ രാഷ്ട്രീയ പ്രതിരോധത്തില്‍ ആക്കാനുമാണ് ഇരുമുന്നണികളുടെയും തീരുമാനം.
ജലീലിനെ ചോദ്യം ചെയ്‌തെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ ബി.ജെ.പിയും യൂത്ത് കോണ്‍ഗ്രസും ഇന്നലെ രാത്രി തന്നെ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തി. മാര്‍ച്ച് അക്രമാസക്തമാകുകയും ചെയ്തു. ധാര്‍മ്മികത അല്‍മെങ്കിലും ശേഷിക്കുന്നുണ്ടെങ്കില്‍ ജലീല്‍ രാജിവച്ചൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജലീലിനെതിരായ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെയും ബി.ജെ.പിയുടെ തീരുമാനം.
ഔദ്യോഗിക വാഹനം ഒഴിവാക്കി സുഹൃത്തിന്റെ കാറില്‍ ചോദ്യം ചെയ്യലിന് എത്തിയ ജലീലിന്റെ നടപടിയും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. എന്തോ ഒളിക്കാനുള്ളതു കൊണ്ടാണ് മന്ത്രി രഹസ്യമായി ചോദ്യം ചെയ്യലിന് ഹാജരായതെന്നാണ് ഉയര്‍ന്ന വിമര്‍ശനം. നാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ജലീല്‍ കൊച്ചിയിലേക്ക് പോയത്. ഇന്നലെ ഉച്ചയ്ക്ക് മാദ്ധ്യമങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോഴും നാട്ടിലേക്കുള്ള യാത്രയിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തലയില്‍ മുണ്ടിട്ട് ചോദ്യം ചെയ്യലിന് പോയത് കേരളത്തിന് നാണക്കേടാണെന്നാണ് ചെന്നിത്തല ഇതേക്കുറിച്ച് പ്രതികരിച്ചത്. അതേസമയം, ലോകം മുഴുവന്‍ എതിര്‍ത്താലും സത്യം മാത്രമെ ജയിക്കൂവെന്നും മറിച്ചൊന്നും സംഭവിക്കില്ലെന്നും ഇന്നലെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട മന്ത്രി,പിന്നീട് ഇതുവരെ മാദ്ധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.