മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിര ക്വാറന്റീന്‍ ലംഘിച്ച് കേരള ബാങ്ക് കണ്ണൂര്‍ ശാഖയിലെത്തി അടിയന്തര ലോക്കര്‍ ഇടപാട് നടത്തിയത് കേന്ദ്ര അന്വേഷണ ഏജന്‍സി പരിശോധിക്കുന്നു. ഇവരുടെ മകന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പമുള്ള ചിത്രങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ഏജന്‍സി അന്വേഷണം ആരംഭിച്ചതിനു തൊട്ടുപിന്നാലെയാണ് ഇന്ദിര ബാങ്കിലെത്തി ലോക്കര്‍ തുറന്നത്.
ഇതേ ശാഖയില്‍ സീനിയര്‍ മാനേജരായി വിരമിച്ചതാണ് ഇന്ദിര. കോവിഡ് പരിശോധനയ്ക്കായി സാംപിള്‍ നല്‍കിയതിനു ശേഷം ക്വാറന്റീനില്‍ കഴിയവേ ഈ മാസം 10ന് ഉച്ചയോടെ ഇവര്‍ ബാങ്കിലെത്തുകയായിരുന്നു. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം, സ്രവ പരിശോധനയ്ക്കു ശേഷം ഫലം വരുന്നതുവരെ ക്വാറന്റീനില്‍ കഴിയണം. ബാങ്കില്‍ നിന്നു തിരിച്ചെത്തിയ ശേഷം കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു ഇന്ദിരയെ പിന്നീട് ആശുപത്രിയിലേക്കു മാറ്റി. ബാങ്കിലെ 3 പേര്‍ ക്വാറന്റീനില്‍ പോകേണ്ടിവരികയും ചെയ്തു.