ചിറ്റാറില്‍ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ റീ പോസ്റ്റുമോര്‍ട്ടം നടത്തിയ മൂന്ന് പൊലീസ് സര്‍ജന്മാര്‍ തന്നെയാണ് മത്തായിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത്. സി.ബി.ഐയുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരമാണ് അതേ മൂവര്‍സംഘത്തെ തന്നെ പോസ്റ്റുമോര്‍ട്ടത്തിനായി നിയോഗിച്ചത്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രത്യേകം ക്രമീകരിക്കുന്ന ടേബിളില്‍ സി.ബി.ഐയുടെ മേല്‍നോട്ടത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം. പോസ്റ്റ്‌മോര്‍ട്ടം സമയത്തും ഇന്‍ക്വസ്റ്റ് നടത്തുമ്പോഴും മജിസ്‌ട്രേറ്റിന്റെ സാന്നിധ്യം ഉണ്ടാകും.പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ക്യാമറയില്‍ ചിത്രീകരിക്കും.
നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കുന്ന മൃതദേഹം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. തുടര്‍ന്ന് ശനിയാഴ്ച രാവിലെ 9ന് വടശേരിക്കര അരീക്കാകാവിലെ വീട്ടിലേക്ക് കൊണ്ടുപോകും. അന്നേ ദിവസം 3.30ന് കുടപ്പനക്കുളം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ ശവസംസ്‌കാരം നടക്കും.മത്തായിയുടെ മരണത്തില്‍ ആരോപണ വിധേയരായ വനപാലകരെ അറസ്റ്റ് ചെയ്യുന്നതുവരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലായിരുന്നു കുടുംബം. മരിച്ച് 39 ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം സംസ്‌ക്കരിക്കുന്നത്. കേസ് സി.ബി.ഐ ഏറ്റെടുത്തതിനാലാണ് കുടുംബം മൃതദേഹം സംസ്‌കരിക്കാന്‍ തയ്യാറായത്.