ബാങ്ക് വായ്പകള്‍ക്ക് നല്‍കിയിരുന്ന മൊറട്ടോറിയം കാലാവധി ഓഗസ്റ്റ് 31-ന് തീരും.

 

കോവിഡിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് വായ്പകള്‍ക്ക് നല്‍കിയിരുന്ന മൊറട്ടോറിയത്തിന്റെ കാലാവധി ഓഗസ്റ്റ് 31-ന് തീരും. മൊറട്ടോറിയം നീട്ടി നല്‍കേണ്ടെന്നാണ് റിസര്‍വ് ബാങ്ക് തീരുമാനം. നിലവിലുള്ള വായ്പകള്‍ പുനഃക്രമീകരിച്ച് രണ്ടുവര്‍ഷംവരെ നീട്ടാനും ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോവിഡ് പശ്ചാത്തലത്തിലാണ് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. മാര്‍ച്ച് ഒന്നുമുതല്‍ ഓഗസ്റ്റുവരെ രണ്ടുഘട്ടങ്ങളിലായി ആറ് മാസം മൊറട്ടോറിയം കിട്ടി. വായ്പ തിരിച്ചടവ് നിര്‍ത്തിവെയ്ക്കുന്നത് പരിഹാരമല്ലെന്നാണ് വിലയിരുത്തല്‍. സെപ്റ്റംബര്‍ മുതല്‍ വായ്പകളുടെ തവണകള്‍ തിരിച്ചടയ്‌ക്കേണ്ടിവരും. നിലവിലെ വായ്പകളുടെ കാലാവധി രണ്ടുവര്‍ഷംവരെ നീട്ടി പുതുക്കാനാണ് അവസരം കൊടുക്കുക.അതിനുശേഷം ആറുമാസംകൂടി മൊറട്ടോറിയം കാലത്തെ കുടിശ്ശിക അടയ്ക്കാന്‍ സാവകാശം കിട്ടും. മൊറട്ടോറിയം കാലത്തെ പലിശ വരുന്ന മാര്‍ച്ചിനുള്ളില്‍ അടച്ചുതീര്‍ത്താല്‍ മതി.
പൊതുമേഖല, പബ്ലിക് ലിമിറ്റഡ്, സഹകരണ മേഖലയിലുള്ള ബാങ്കുള്‍ക്കെല്ലാം ഈ തീരുമാനം ബാധകമാണ്. ബാങ്കുകളില്‍നിന്ന് എടുത്തിട്ടുള്ള എല്ലാ വായ്പകളും പുതുക്കാം. പുതുക്കി നീട്ടുന്ന കാലാവധിക്ക് പലിശ ഉണ്ട്. തിരിച്ചടവിന് ഇന്നുള്ള തവണത്തുകയില്‍ കുറവ് ലഭിക്കാനും സാദ്ധ്യത ഉണ്ട്. കഴിഞ്ഞ ഫെബ്രുവരിവരെ വായ്പത്തുക കൃത്യമായി അടച്ചവര്‍ക്കാണ് പുതിയ ആനുകൂല്യം കിട്ടുക. കുടിശ്ശിക ഉള്ള വായ്പക്കാര്‍ അത് ക്രമപ്പെടുത്തുന്ന മുറയ്ക്ക് പുതിയ അവസരത്തിന് അര്‍ഹരാകും.