പമ്പാ കരകവിഞ്ഞൊഴുകുന്നു.

 

പമ്പ കരകവിഞ്ഞൊഴുകുന്നു. പമ്പാ അണക്കെട്ട് തുറക്കാന്‍ സാദ്ധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കോഴഞ്ചേരി- തിരുവല്ല റോഡിലെ മാരാമണ്ണില്‍ വെള്ളം കയറി. ചെങ്ങന്നൂര്‍, പുത്തന്‍കാവ്, ഇടനാട്, മംഗലം തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയാണ്. ഇവിടെയെല്ലാം ആളുകളെ മാറ്റിപ്പാര്‍പ്പിച്ച് തുടങ്ങി. ചെങ്ങന്നൂര്‍-കോഴഞ്ചേരി പാതയില്‍ ഗതാഗതം തടസപ്പെട്ടു. ജില്ലകളിലെ നദികളിലെല്ലാം ജലനിരപ്പ് ഉയരുകയാണ്.

ആറന്മുളയില്‍ വെള്ളപ്പൊക്കം മൂലം ജനങ്ങളെ മാറ്റി പാര്‍പ്പിക്കുകയാണ്. തോട്ടപ്പുഴശേരി പഞ്ചായത്തില്‍ 4 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ഇന്നലെ വൈകിട്ടോടെ തുറന്നു. നൂറില്‍ അധികം പേര്‍ ഇവിടങ്ങളിലേക്ക് എത്തി. രാത്രിയോടെ കൂടുതല്‍ ആള്‍ക്കാര്‍ എത്തുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. കേന്ദ്ര ജല കമ്മിഷന്റെ കണക്കനുസരിച്ച് ഇന്നലെ രാത്രി 7ന് പമ്പാ നദിയിലെ ജലനിരപ്പ് 7.5 മീറ്റര്‍ കടന്നു.
അതേസമയം സംസ്ഥാനത്തെ പല ഭാഗങ്ങളിലും ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. കോട്ടയത്ത് വെള്ളപ്പൊക്ക സാദ്ധ്യതയെന്ന് മുന്നറിയിപ്പുണ്ട്.