പമ്പയില്‍ മണല്‍ നീക്കം ; ഹൈക്കോടതി സ്റ്റേ

പമ്പ ത്രിവേണിയിലെ മണല്‍ നീക്കം ചെയ്യാന്‍ പൊതുമേഖലാ സ്ഥാപനത്തിന് അനുമതി നല്‍കിയതിനെതിരായ വിജിലന്‍സ് കോടതി അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടു മാസത്തേക്കാണ് സ്റ്റേ. വിജിലന്‍സ് ഡയറക്ടര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ ഉത്തരവ്. കരാറിന് പിന്നില്‍ അഴിമതിയില്ലെന്നും ദുരന്തനിവാരണ നിയമപ്രകാരം അതോറിറ്റി ചെയര്‍മാനായ കലക്ടര്‍ക്ക് കരാര്‍ നല്‍കാന്‍ അധികാരമുണ്ടെന്നും വിജിലന്‍സ് ഡയറക്ടര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

കരാറിന് പിന്നില്‍ അഴിമതി ഉണ്ടെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. 2018 ലെ പ്രളയത്തില്‍ പമ്പയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യാനാണ് കണ്ണുരിലെ കേരള ക്ലേസ് ആന്റ് മിനറല്‍സിന് കലക്ടര്‍ അനുമതി നല്‍കിയത്.പമ്പ മണല്‍ക്കടത്ത് കേരളം കണ്ട ഏറ്റവും വലിയ കൊള്ളകളില്‍ ഒന്നാണെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. മണല്‍ക്കടത്ത് വിജിലന്‍സ് അന്വേഷിക്കണമെന്ന് ചെന്നിത്തല നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിജിലന്‍സ് അന്വേഷണം സര്‍ക്കാര്‍ തള്ളി. മണല്‍നീക്കല്‍ ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടിയാണെന്ന് പറഞ്ഞാണ് പ്രതിപക്ഷ നേതാവിന്റെ വിജിലന്‍സ് അന്വേഷണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയത്.
എന്നാല്‍ പിന്നീട് രമേശ് ചെന്നിത്തല നല്‍കിയ പരാതിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കേരള ക്ലേയ്സ് ആന്‍ഡ് സെറാമിക്സ് പ്രൊഡക്റ്റ്‌സ് ലിമിറ്റഡിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഈ അനുമതിയുടെ മറവില്‍ ക്ലേയ്സ് ആന്‍ഡ് സെറാമിക്സ് കമ്പനി മറ്റു സ്വകാര്യ കമ്പനികള്‍ക്ക് മണ്ണ് മറച്ചുവില്‍ക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം. പത്തനംതിട്ട ജില്ലാ കലക്ടറാണ് അനുമതി നല്‍കിയത്. ഇതില്‍ അഴിമതിയുണ്ടെന്ന് ചെന്നിത്തല ആരോപിക്കുന്നു.