പമ്പയില്‍ നിന്ന് മണല്‍ക്കടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കും; ചെന്നിത്തല

പമ്പ മണല്‍ക്കടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സിന്റെ പല്ല് അടിച്ചുകൊഴിച്ച സര്‍ക്കാര്‍ ഏത് കൊള്ളക്കും കുടപിടിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. വിജലന്‍സ് അന്വേഷണ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളിയ സാഹചര്യത്തിലാണ് ചെന്നിത്തല ഹൈകോടതിയെ സമീപിക്കുന്നത്.
പമ്പ-ത്രിവേണിയിലെ മണ്ണ് നീക്കം ചെയ്യാന്‍ രണ്ട് വര്‍ഷമായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിന്റെ തലേദിവസമാണ് മുന്‍ ചീഫ് സെക്രട്ടറിയും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയും ഡി.ജി.പിയും നിലക്കലില്‍ പോയി സ്വകാര്യ വ്യക്തിക്ക് മണ്ണ് കൊടുക്കാന്‍ നടപടി സ്വീകരിച്ചത്. ഇത് അഴിമതിയല്ലെങ്കില്‍ പിന്നെന്താണെന്നും ചെന്നിത്തല ചോദിച്ചു.ഈ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടതും വിജിലന്‍സ് മേധാവിക്ക് കത്ത് നല്‍കിയതും. അന്വേഷിക്കുന്നില്ലെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കുക എന്നതാണ് അടുത്ത മാര്‍ഗമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.