നീറ്റ്, ജെ ഇ ഇ പരീക്ഷകള്‍ തീരുമാനിച്ച ദിവസങ്ങളില്‍ തന്നെ നടക്കും.

 

അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റും എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇയും നീട്ടി വെയ്ക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. സെപ്റ്റംബറില്‍ കേന്ദ്രസര്‍ക്കാര്‍ നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്ന നീറ്റ്,ജെഇഇ പരീക്ഷകള്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നീട്ടി വെക്കണമെന്നാവശ്യപ്പെട്ട് 11 വിദ്യാര്‍ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.എന്നാല്‍, നീണ്ട കാലത്തേക്ക് വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായുള്ള ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു.

സെപ്റ്റംബര്‍ 13 ന് നീറ്റും എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ ഒന്നു മുതല്‍ ആറു വരെയും നടത്തുമെന്നാണ് കേന്ദ്രമന്ത്രി രമേശ് പൊഖ്‌റിയാല്‍ അറിയിച്ചിട്ടുള്ളത്.കോടതി ഹര്‍ജി തള്ളിയ സ്ഥിതിക്ക് തീരുമാനിച്ച ദിവസങ്ങളില്‍ തന്നെ പരീക്ഷകള്‍ നടക്കും.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായി മാറ്റി വെച്ച ശേഷമാണ് പരീക്ഷകളുടെ തീയതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.പരീക്ഷയ്ക്ക് ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയെ അറിയിച്ചു.