നിയന്ത്രണങ്ങള്‍ തിടുക്കപ്പെട്ട് നീക്കുന്നത് ദുരന്തം ക്ഷണിച്ചു വരുത്തും ലോകാരോഗ്യ സംഘടന.

കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ തിടുക്കപ്പെട്ട് നീക്കുന്നത് ദുരന്തം ക്ഷണിച്ചു വരുത്തുന്ന പോലെയാണെന്ന് ലോകാരോഗ്യ സംഘടന.”കോവിഡ് മൂലം എട്ട് മാസമായി ജനം വളരെയധികം കഷ്ടപ്പെടുന്നുണ്ടെന്ന് മനസിലാക്കുന്നു. സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ കോവിഡ് വ്യാപനം തുടരുന്നതിനിടെ നിയന്ത്രണങ്ങള്‍ നീക്കാനുള്ള തീരുമാനം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും”- സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗബ്രിയേസസ് മുന്നറിയിപ്പ് നല്‍കി.

കോവിഡ് വ്യാപനം അവസാനിച്ചതായി പ്രഖ്യാപിക്കാന്‍ ഒരു രാജ്യത്തിനും കഴിയില്ല. ഈ വൈറസ് എളുപ്പത്തില്‍ പടരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. നിയന്ത്രണമില്ലാതെ പൂര്‍ണമായി തുറക്കുന്നു നല്‍കല്‍ ദുരന്തത്തിലേക്ക് നയിക്കും.നിയന്ത്രണങ്ങള്‍ നീക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്ന രാജ്യങ്ങള്‍ വൈറസ് വ്യാപനം അടിച്ചമര്‍ത്തുന്നതിനെ കുറിച്ചും ഗൗരവത്തോടെ ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.