നാലാം ദിവസവും തലസ്ഥാനത്ത് തെരുവുയുദ്ധം;കണ്ണീര്‍വാതകം, ഗ്രനേഡ് പ്രയോഗിച്ചു.

മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് വ്യാപകപ്രതിഷേധം.യുവജന സംഘടകള്‍ നടത്തിയ മാര്‍ച്ച് തിരുവനന്തപുരത്ത് തെരുവുയുദ്ധമായി. സെക്രട്ടേറിയറ്റിലേക്ക് നടത്തിയ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ പൊലീസ് ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് ലാത്തി വീശി. കെ.എസ്.ശബരീനാഥന്‍, ഷാഫി പറമ്പില്‍ എന്നിവര്‍ക്കടക്കം ഒട്ടേറെ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. യുവമോര്‍ച്ച, മഹിളാ മോര്‍ച്ച പ്രതിഷേധത്തിനു നേരേയും പൊലീസ് ലാത്തിവീശി.സെക്രട്ടേറിയേറ്റിനു മുന്‍പില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ജലീലിന്റെ കോലം കത്തിച്ചു. യുവമോര്‍ച്ച പാലക്കാട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ബലപ്രയോഗത്തിലൂടെയാണ് നേതാക്കളെ പൊലീസ് നീക്കിയത്. നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്ക് പറ്റി. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. കണ്ണൂരില്‍ ഇ.പി ജയരാജന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പാപ്പിനിശേരിയിലെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസ് ലാത്തി വീശി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. കൊല്ലത്ത് മഹിളമോര്‍ച്ചയും യുവമോര്‍ച്ചയും നടത്തിയ മാര്‍ച്ചും അക്രമാസക്തമായി.പൊലീസ് ജല പീരങ്കി പ്രയോഗിച്ചു.