തിരുവോണ ദിവസം ബിവറേജസ് കോര്‍പ്പറേഷന്‍ വഴി മദ്യവില്‍പ്പനയില്ല. തിരുവോണത്തിന് ബിവറേജസ് ഔട്ട്ലറ്റുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനമായി.കഴിഞ്ഞവര്‍ഷം ബിവറേജസ് ഔട്ട്ലറ്റുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. തൊഴിലാളികളുടെ ദീര്‍ഘനാളത്തെ ആവശ്യം പരിഗണിച്ചാണ് ബിവറേജസ് ഔട്ട്ലറ്റുകള്‍ക്ക് അവധി പ്രഖ്യാപിച്ചതെന്ന് സര്‍ക്കാര്‍ അറിയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.
തിരുവോണ ദിവസം ബാറുകളില്‍ മദ്യവില്‍പ്പന വേണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ബാറുകളിലെ മദ്യകൗണ്ടറുകള്‍ തുറക്കുമോയെന്ന കാര്യത്തില്‍ തീരുമാനം പിന്നീടുണ്ടാകുമെന്നു എക്‌സൈസ് അറിയിച്ചു. മദ്യക്കൗണ്ടറുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന സമ്മര്‍ദം ബാറുകള്‍ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകളുടെ പ്രവര്‍ത്തന സമയം കൂട്ടണമെന്ന് കേരള സംസ്ഥാന ബിവറേജസ് കോര്‍പറേഷന്‍ (ബെവ്കോ) സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് ഇപ്പോള്‍ ഔട്ട്ലെറ്റുകളില്‍ വില്‍പ്പന നടക്കുന്നത്. എന്നാല്‍, ഇത് രണ്ട് മണിക്കൂര്‍ കൂടി വര്‍ധിപ്പിച്ച് ഏഴ് മണി വരെ ആക്കാനുള്ള നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍ വച്ചതായി ബെവ്കോ മാനേജിങ് ഡയറക്ടര്‍ സ്പര്‍ജന്‍ കുമാര്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു. മദ്യ വില്‍പ്പനയിലെ മറ്റു നിയന്ത്രണങ്ങള്‍ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള ടോക്കണ്‍ സംവിധാനം തുടരുമെന്നും അദ്ദേഹം അറിയിച്ചു.