തിരുവനന്തപുരം വിമാനത്താവളം; സര്‍ക്കാര്‍ സമര്‍പ്പിച്ച ഉപ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

 

തിരുവനന്തപുരം  വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കാനുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഉപ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസില്‍ ഉത്തരവുണ്ടാകും വരെ കൈമാറ്റം സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.

വിമാനത്താവളം കൈമാറാനുള്ള നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി വളരെ നേരത്തെയാണെന്ന് കാണിച്ച് ഹൈക്കോടതി ഈ ആവശ്യം തള്ളി. ഇതിനെതിരായ സര്‍ക്കാരിന്റെ അപ്പീലില്‍ ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ സുപ്രിം കോടതി ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഈ കേസില്‍ ഉത്തരവ് വരും തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. വിമാനത്താവള നടത്തിപ്പ് അദാനിയെ ഏല്‍പ്പിക്കുന്നതിനോട് സംസ്ഥാന സര്‍ക്കാരിന് യോജിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ അഭ്യര്‍ത്ഥന കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചു. വിമാനത്താവളം നടത്തിപ്പ് അദാനിക്ക് പാട്ടത്തിന് നല്‍കാനുള്ള നടപടി അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്.