ചിറ്റൂര്‍: ദിവസങ്ങള്‍ക്കു മുന്‍പ് 37 മുതല്‍ 40 രൂപവരെ വിലയുണ്ടായിരുന്ന തക്കാളിക്ക് ഇന്നലെ ലഭിച്ചത് 4 രൂപ മാത്രം. വിളവെടുത്ത തക്കാളി വിപണിയിലെത്തിച്ച് വിറ്റുകഴിഞ്ഞാല്‍ കര്‍ഷകന് തിരികെ വീട്ടിലെത്താന്‍ പണം കടം വാങ്ങേണ്ട സ്ഥിതിയാണ്. ലേലം പോകാതെ ബാക്കിവന്ന തക്കാളി തിരികെ കൊണ്ടുപോകാന്‍ കാശില്ലാതെ പുഴയരികില്‍ ഉപേക്ഷിക്കുകയായിരുന്നു. എറ്റവും കൂടുതല്‍ തക്കാളി ഉല്‍പാദിപ്പിക്കുന്ന പഞ്ചായത്തുകളിലൊന്നാണ് വടകരപ്പതി.ഇവിടെ മാത്രം 500 ഏക്കറിലധികം സ്ഥലത്ത് തക്കാളി കൃഷിചെയ്യുന്നുണ്ട്. പ്രാദേശിക ഉല്‍പാദനം വര്‍ധിച്ചതോടെ തക്കാളിയുടെ വിലയിടിഞ്ഞതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. കൃഷിയിടത്തില്‍ നിന്നു പറിക്കുന്ന തക്കാളി വിപണിയിലെത്തിക്കുന്നതോടെ മൂന്നായി തരം തിരിക്കും. അതില്‍ ഒന്നാംതരം തക്കാളിക്കാണ് ഇന്നലെ 14 കിലോഗ്രാമിന്റെ പെട്ടിക്ക് 65 മുതല്‍ 70 രൂപ വരെ ലഭിച്ചത്. രണ്ടും മൂന്നും തരത്തില്‍പ്പെട്ട തക്കാളിക്ക് 30 രൂപയില്‍ താഴെ മാത്രമാണ് വില. ഒരു ദിവസം തക്കാളി പറിക്കുന്ന തൊഴിലാളിക്ക് 250 രൂപയാണ് കൂലി. പരമാവധി 15 പെട്ടി തക്കാളി പറിക്കും.
ഒരുപെട്ടി തക്കാളി പറിക്കാന്‍ 15 രൂപയാണ് ചെലവ്. തക്കാളി വിപണിയിലെത്തിക്കാന്‍ പെട്ടിക്ക് 18 രൂപ വണ്ടിവാടക നല്‍കണം. കച്ചവടം നടന്നാല്‍ 10 രൂപയ്ക്ക് ഒരുരൂപ നിരക്കില്‍ ചന്ത നടത്തുന്നവര്‍ക്ക് കമ്മിഷനും നല്‍കണം. ഇന്നലെ 60 രൂപയ്ക്ക് ലേലം പോയ തക്കാളി വിപണിയിലെത്തുന്നതു വരെ മാത്രം 40 രൂപയാണ് ചെലവ്. എല്ലാം കഴിഞ്ഞ് ഒരുകിലോഗ്രാം തക്കാളിക്ക് കര്‍ഷകനു ലഭിക്കുന്നത് ഒന്നര രൂപ. ഈ സ്ഥിതി തുടര്‍ന്നാല്‍ കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്ന് തക്കാളി കര്‍ഷകനായ കെരാംപാറ ആന്റണി അമല്‍രാജ് പറയുന്നു. മൂന്നാംതരം തക്കാളി എടുക്കാന്‍പോലും ആളില്ല. അതേസമയം തക്കാളിക്കൃഷി ഇല്ലാത്ത സ്ഥലങ്ങളിലെത്തുമ്പോള്‍ വില പതിന്മടങ്ങാണ് വര്‍ധിക്കുന്നത്.
ചിറ്റൂര്‍ മേഖലയില്‍ പെട്ടി ഓട്ടോറിക്ഷകളില്‍ 7 കിലോ 100 രൂപയ്ക്ക് വിറ്റ തക്കാളി ഇന്നലെ പാലക്കാട്ടെ വിപണിയില്‍ കിലോഗ്രാമിന് 60 രൂപയായിരുന്നു വില.ഒരേക്കറില്‍ തക്കാളി കൃഷിയിറക്കാന്‍ വിത്ത്, വളം, പന്തല്‍ കൂലിച്ചെലവ് എന്നിവ ഉള്‍പ്പെടെ ഒരുലക്ഷം രൂപയോളം ചെലവ് വരുന്നുണ്ട്. ഒരോ ദിവസവും ഇടവിട്ട് വിളവെടുത്താല്‍ ഒരേക്കറില്‍ നിന്നു ശരാശരി 25 പെട്ടി തക്കാളി ലഭിക്കും. ഇന്നലത്തെ വിലയനുസരിച്ച് ശരാശരി കര്‍ഷകന് എല്ലാ ചെലവും കഴിഞ്ഞ 500 രൂപപോലും ലഭിക്കാത്ത സ്ഥിതിയാണ്. കൃത്യസമയത്ത് പണം ലഭിക്കാത്തതിനാല്‍ ഹോര്‍ട്ടികോര്‍പിനു നല്‍കാനും കര്‍ഷകര്‍ തയാറല്ല. വരും ദിവസങ്ങളില്‍ വില ഇനിയും ഇടിയാന്‍ സാധ്യതയുണ്ടെന്നും കര്‍ഷകര്‍ പറയുന്നു.