ഡ്യൂട്ടിക്ക് പോകുന്നതിനിടെ സ്‌കൂട്ടറിന് മുകളിലേക്ക് മരം വീണു ; കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം.

 

ഡ്യൂട്ടിക്ക് പോകുന്നതിനിടെ സ്‌കൂട്ടറിന് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു. തിരുവനന്തപുരം ഉഴമലയ്ക്കലില്‍ ഇന്ന് രാവിലെയാണ് സംഭവം. കെഎസ്ഇബി ജീവനക്കാരനായ മുന്‍പാല സ്വദേശി അജയന്‍ ആണ് മരിച്ചത്. 40 വയസ്സായിരുന്നു.
രാവിലെ ഓഫീസിലേക്ക് പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്. കെഎസ്ഇബി നെടുമങ്ങാട് ഓഫീസിലെ ജീവനക്കാരനാണ്. രാവിലെ ഒമ്പതു മണിയ്ക്ക് പ്രദേശത്ത് ശക്തമായ കാറ്റുവീശിയിരുന്നു.
ഇതേത്തുടര്‍ന്ന് ആഞ്ഞിലി മരവും ഇലക്ട്രിക് പോസ്റ്റും റോഡിലേക്ക് മറിയുകയായിരുന്നു. മരച്ചില്ലകള്‍ക്ക് അടിയില്‍പ്പെട്ട അജയനെ നാട്ടുകാര്‍ ശിഖരങ്ങള്‍ മുറിച്ചുമാറ്റി പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.