ട്രംപിന് പ്രസിഡന്റെ് ആയിരിക്കാന്‍ യോഗ്യതയില്ലെന്ന് കമല ഹാരിസ്.

 

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റെ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ഇന്ത്യന്‍ വംശജയായ കമല ഹാരിസ്. പ്രസിഡന്റെ് സ്ഥാനാര്‍ഥി ജോ ബൈഡന്റെ സ്വദേശമായ വില്ലിങ്ടണിലെ സ്‌കൂളില്‍ നടന്ന പരിപാടിയിലാണ് കമല സംയുക്ത പ്രചാരണം ആരംഭിച്ചത്. ജോ ബൈഡനൊപ്പമാണ് കമല ഹാരിസ് വേദിയിലെത്തിയത്.
ഡോണാള്‍ഡ് ട്രംപിന് പ്രസിഡന്റെ് ആയിരിക്കാന്‍ യോഗ്യതയില്ലെന്ന് കമല ഹാരിസ് പറഞ്ഞു. രാജ്യത്ത് നിലനില്‍ക്കുന്ന വംശീയ വിഭജനം ഇല്ലാതാക്കാന്‍ ട്രംപിന് സാധിച്ചില്ല. വംശീയതയും അനീതിയും തെരുവില്‍ പ്രകടമാകുന്ന സ്ഥിതി വിശേഷമാണെന്നും കമല ഹാരിസ് ചൂണ്ടിക്കാട്ടി.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ട്രംപ് ഭരണകൂടം പരാജയപ്പെട്ടു. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലാക്കാന്‍ ഇടയാക്കിയെന്നും കമല ആരോപിച്ചു.

കമല ഹാരിസ് മിടുക്കിയും ശക്തയും പ്രവൃത്തി പരിചയമുള്ള വ്യക്തിയുമാണെന്ന് ജോബൈഡന്‍ പറഞ്ഞു. കുടിയേറ്റ കുടുംബത്തിലെ കുട്ടിയാണ്. കുടിയേറ്റ കുടുംബങ്ങളുടെ അവസ്ഥ നമ്മുടെ രാജ്യത്ത് എത്രമാത്രം സമ്പന്നമാണെന്ന് കമലക്ക് വ്യക്തിപരമായി അറിയാം. കൂടാതെ, യു.എസില്‍ ഒരു കറുത്ത, ഇന്ത്യന്‍-അമേരിക്കന്‍ ആയി വളരുകയെന്നതിന്റെ വെല്ലുവിളിയും അവര്‍ക്കറിയാമെന്നും ജോ ബൈഡന്‍ ചൂണ്ടിക്കാട്ടി.
കമല ഹാരിസിനെ വൈസ് പ്രസിഡന്റെ് സ്ഥാനാര്‍ഥിയായി പ്രസിഡന്റെ് സ്ഥാനാര്‍ഥി ജോ ബൈഡനാണ് നാമനിര്‍ദേശം ചെയ്തത്. അമേരിക്കയിലെ പ്രധാന പദവികളിലൊന്നിലേക്ക് ഒരു മേജര്‍ പാര്‍ട്ടിയില്‍ നിന്നും മത്സരിക്കുന്ന ആദ്യത്തെ കറുത്ത വര്‍ഗക്കാരിയും ഇന്ത്യന്‍ വംശജയുമാണ് 55കാരിയായ കമല ഹാരിസ്.കാലിഫോര്‍ണിയ സെനറ്ററായ കമല ഹാരിസ് അമേരിക്കയിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളിലൊരാളാണ്. നേരത്തെ, പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപിനെതിരെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച കമല ഹാരിസ്, പ്രചാരണത്തിന് ഫണ്ട് ഇല്ലാത്തതിനില്‍ മത്സരത്തില്‍ പിന്മാറിയിരുന്നു.