ടോമിന്‍ ജെ.തച്ചങ്കരിക്ക്   ഡിജിപി ആയി സ്ഥാനക്കയറ്റം.

ടോമിന്‍ ജെ.തച്ചങ്കരി ഐപിഎസിന് ഡിജിപി ആയി സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവ്. റോഡ് സുരക്ഷാ കമ്മിഷണര്‍ ശങ്കര്‍ റെഡ്ഢി ഈ മാസം 31ന് വിരമിക്കുന്ന ഒഴിവിലേക്കാണ് തച്ചങ്കരിയുടെ സ്ഥാനക്കയറ്റം. നിയമനം പിന്നീട് നല്‍കും. പൊലീസിനു പുറത്തുള്ള പ്രധാനപ്പെട്ട ഒരു പദവി ലഭിക്കാനാണ് സാധ്യത. നിലവില്‍ ക്രൈംബ്രാഞ്ച് മേധാവിയാണ്

അടുത്ത വര്‍ഷം ജൂണില്‍ സംസ്ഥാന പൊലീസ് മേധാവി പദവിയില്‍ നിന്നും ലോക്നാഥ് ബെഹ്‌റ വിരമിക്കുമ്പോള്‍ ആ സമയത്തെ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കും ടോമിന്‍ ജെ. തച്ചങ്കരി. തച്ചങ്കരി കെഎസ്ആര്‍ടിസിയിലും ക്രൈംബ്രാഞ്ചിലും നടത്തിയ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയകക്ഷി ഭേദമന്യേ അതീവ ജനശ്രദ്ധ നേടിയിരുന്നു.
കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളുടെ പൊലീസ് മേധാവി ആയിരുന്നു. കണ്ണൂര്‍ റേഞ്ച് ഐജി, പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി, ട്രാന്‍സ്‌പോര്‍ട് കമ്മിഷണര്‍, അഗ്നിശമനസേനാ മേധാവി എന്നിങ്ങനെ നിരവധി പൊതുമേഖല സ്ഥാപനങ്ങളുടെ തലവനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 3 വര്‍ഷത്തെ സേവനകാലാവധി തച്ചങ്കരിക്ക് ഇനിയും അവശേഷിക്കുന്നുണ്ട്.