ജില്ലാ പോലിസ് മേധാവി തലത്തില്‍ വന്‍ അഴിച്ചുപണിക്കു സാധ്യത. എസ്പിമാരായ യതീഷ് ചന്ദ്രയും ശിവവിക്രവും കേരളം വിടാനൊരുങ്ങുകയും പുതുതായി ഏഴ് എസ്പിമാര്‍ക്ക് ഐപിഎസ് ലഭിക്കുകയും ചെയ്തതോടെയാണിത്. ഇന്റര്‍ കേഡര്‍ ഡെപ്യൂട്ടേഷനു കേന്ദ്രാനുമതി കിട്ടിയ കണ്ണൂര്‍ ജില്ലാ പോലിസ് മേധാവി യതീഷ് ചന്ദ്ര കേരള സര്‍ക്കാരിന്റെ അനുമതി കിട്ടുന്ന മുറയ്ക്ക് സ്വന്തം നാടായ കര്‍ണാടകയിലേക്കു മാറും.
പാലക്കാട് ജില്ലാ പോലിസ് മേധാവി ശിവ വിക്രം ദേശീയാന്വേഷണ ഏജന്‍സിലേക്കാണു പോകുന്നത്. ഗുണ്ടാ, മദ്യ മാഫിയാസംഘങ്ങള്‍ക്കെതിരേ കടുത്ത നടപടി കൈക്കൊണ്ട കൊട്ടാരക്കര റൂറല്‍ പോലിസ് മേധാവി എസ് ഹരിശങ്കറും പോലിസ് സേനയ്ക്കു പുറത്തു നിയമിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഏഴ് എസ്പിമാര്‍ക്ക് ഐപിഎസ് ലഭിച്ചെങ്കിലും ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസാണ് നിയമനത്തിനു തടസം.
