കൊവിഡ് ലക്ഷണത്തോടെ ക്വാറന്റൈനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങുന്നുണ്ടോയെന്ന് അറിയുന്നതിനായി സിറ്റി പൊലീസിന്റെ ‘കൊവിഡ് 19 സേഫ്റ്റി’ എന്ന പുതിയ ആപ്പ് ഉപയോഗിക്കും. ഹോം ക്വാറന്റൈനിലുള്ളവര്‍ എല്ലാവരും ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. ഇത് പ്ലേ സ്‌റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. എല്ലാ സ്‌റ്റേഷനിലെയും എസ്.എച്ച്.ഒ മാര്‍ക്ക് ആപ്പിന്റെ ലിങ്ക് ലഭ്യമാക്കിയിട്ടുണ്ട്. സ്റ്റേഷനുകളിലെ ബീറ്റ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ ഈ ആപ്പ് മൊബൈല്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യിക്കും.
കൊവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്ന ജോലി പൊലീസിനെ ഏല്‍പിച്ചതിന് പിന്നാലെ നഗരത്തില്‍ ഇതുമായി ബന്ധപ്പെട്ട് സിറ്റി പൊലീസ് പട്ടിക തയ്യാറക്കല്‍ തുടങ്ങി. അതാത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പുതുതായി കൊവിഡ് പോസിറ്റിവായവരില്‍ നിന്ന് സംഘം വിവരങ്ങള്‍ ശേഖരിക്കും. ഇവരുമായി പ്രാഥമികമായും ദ്വിതീയമായും സമ്പര്‍ക്കത്തില്‍ വന്നവരെ കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും.
ഇവയെല്ലാം ക്രോഡീകരിച്ചാണ് സമ്പര്‍ക്ക പട്ടിക തയ്യാറാക്കുക. ഇങ്ങനെ തയ്യാറാക്കുന്ന സമ്പര്‍ക്ക പട്ടിക അതാത് സ്റ്റേഷനുകളിലെ ജനമൈത്രി ഓഫീസര്‍മാരും ബീറ്റ് ഓഫീസര്‍മാരും ഉള്‍പ്പെടുന്ന ക്വാറന്റൈന്‍ ചെക്കിംഗ് ടീം നേരിട്ടും പ്രദേശവാസികളുടെ സഹായത്തോടെയും പരിശോധിച്ച് ഉറപ്പുവരുത്തും. അതിനുശേഷം പട്ടിക ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈമാറും. ജനങ്ങളില്‍ കൂടുതല്‍ ബോധവത്കരണം നടത്തുന്നതിനായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മൈക്ക് അനൗണ്‍സ്മെന്റ് നടത്തും.