കോവിഡ്19 വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ബീഹാറിലെ സി.പി.ഐ സംസ്ഥാന സെക്രട്ടറി സത്യ നാരായണ്‍ സിങ് മരിച്ചു. സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കൂടിയാണ്. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ 30ന് പട്‌ന എയിംസില്‍ പ്രവേശിപ്പിച്ച സിങ് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മരിച്ചത്. 77 വയസ്സുണ്ടായിരുന്ന അദ്ദേഹം രണ്ടുതവണ എം.എല്‍.എയായിരുന്നു.
ബെല്‍റൂണ്ട് മണ്ഡലത്തില്‍ നിന്ന് രണ്ടു തവണ നിയമസഭയിലേക്ക് വിജയിച്ച സത്യനാരായണ്‍ സിങ് അനേകം കര്‍ഷകത്തൊഴിലാളി സമരങ്ങള്‍ നയിക്കുകയും നീണ്ട കാലം ജയിലില്‍ കിടക്കുകയും ചെയ്തിട്ടുണ്ട്. ഭഗരിയ മണ്ഡലത്തില്‍ 7000 ഏക്കറോളം ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കിയത് സത്യനാരായണ്‍ സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു.
ഇടതുപക്ഷ പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് സത്യ നാരായണ്‍ സിങ്ങിന്റെ വിയോഗമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ പറഞ്ഞു. സംസ്ഥാനം അസംബ്ലി തെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന സമയത്ത് കൂടിയാണ് സത്യ നാരായണ്‍ സിങ്ങിന്റെ മരണം.