കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച വാക്‌സിന്‍ നാളെ പുറത്തിറക്കും. ഗമേലയ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും സംയുക്തമായി വികസിപ്പിച്ച വാക്‌സിനാണ് നാളെ പുറത്തിറക്കുന്നത്. കോവിഡ്-19 പ്രതിരോധവാക്‌സിന്‍ തയ്യാറായതായും ഓഗസ്റ്റ് 12ന് രജിസ്റ്റര്‍ ചെയ്യുമെന്നും റഷ്യന്‍ ആരോഗ്യവകുപ്പ് സഹമന്ത്രി ഒലെഗ് ഗ്രിഡ്നെവ് ആണ് അറിയിച്ചത്. അതേസമയം ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കാതെ വാക്‌സിന്‍ ലഭ്യമാക്കുന്നത് ആശങ്കയുണ്ടാക്കുന്നു. ഇതിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.
അഡിനോവൈറസ് ആസ്പദമാക്കി നിര്‍മിച്ച നിര്‍ജീവ പദാര്‍ഥങ്ങള്‍ ഉപയോഗിച്ചാണ് വാക്‌സിന്‍ തയ്യാറാക്കിയിട്ടുള്ളത്. വാക്‌സിന്‍ ഉപയോഗിച്ച് രാജ്യത്ത് എല്ലാവരെയും കോവിഡിനെതിരെ വാക്‌സിനേറ്റ് ചെയ്യാനാണ് പദ്ധതിയെന്നാണ് റഷ്യന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഈ മാസം തന്നെ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് റഷ്യന്‍ സര്‍ക്കാര്‍. ഇതിനു പിന്നാലെ വാക്‌സിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനവും ആരംഭിക്കും. പിന്നീട് രാജ്യവ്യാപക വാക്‌സിനേഷന്‍ ക്യാംപയിനിലൂടെ ജനങ്ങള്‍ക്കെല്ലാം വാക്‌സിന്‍ ലഭ്യമാക്കാനാണ് പദ്ധതി.
വാക്‌സിന്‍ വഴി ശരീരത്തിലെ പ്രതിരോധശേഷി പെട്ടെന്ന് വര്‍ധിക്കുമ്പോള്‍ ചിലര്‍ക്ക് പനിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ അത് പാരസെറ്റമോള്‍ മാത്രം കഴിച്ച് ഭേദപ്പെടുത്താവുന്നതാണെന്നും ഗമാലേയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ അലക്‌സാണ്ടര്‍ ഗിന്റസ്ബര്‍ഗ് പറഞ്ഞു. വാക്‌സിന്‍ ഫലിച്ചില്ലെങ്കില്‍ വൈറസ് ബാധയുടെ തീവ്രത വര്‍ധിച്ചേക്കുമെന്നു റഷ്യയിലെ പ്രമുഖ വൈറോളജിസ്റ്റുമാരില്‍ ഒരാള്‍ തന്നെ സംശയം പ്രകടിപ്പിച്ചു.ലോകാരോഗ്യ സംഘടനയടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളും ആരോഗ്യവിദഗ്ധരും റഷ്യയുടെ വാക്‌സിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ധൃതിയേക്കാള്‍ നടപടിക്രമം പൂര്‍ണമായി പാലിക്കുന്നതിലാവണം കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നു ലോകാരോഗ്യ സംഘടനയും റഷ്യയ്ക്കു മുന്നറിയിപ്പു നല്‍കിയിരിക്കെയാണ് നാളെ വാക്‌സീന്‍ റജിസ്റ്റര്‍ ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്.

You must be logged in to post a comment Login