കോഴിക്കോട് ചാലിപ്പുഴയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍.

കോഴിക്കോട് ചാലിപ്പുഴയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍. വനത്തില്‍ ഒന്നിലേറെ സ്ഥലത്ത് ഉരുള്‍പൊട്ടിയതാവാം മലവെള്ളപ്പാച്ചില്‍ ശക്തമാകാന്‍ കാരണം. ആളപായമില്ല എന്നാണ് റിപ്പോര്‍ട്ട്.

ചെമ്പുകടവ്, പറപ്പറ്റ പാലങ്ങള്‍ക്ക് മുകളില്‍ വെള്ളം കയറി. കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവ് ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി.ചാലിപ്പുഴയുടെ സമീപത്തുള്ള വെണ്ടേക്കുംപൊയില്‍ പട്ടികവര്‍ഗ്ഗ കോളനിയിലെ 31 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. കുട്ടികളടക്കം 80 പേര്‍ ക്യാമ്പിലുണ്ട്. ചാലിപ്പുഴ കരകവിഞ്ഞ സാഹചര്യത്തില്‍ സമീപത്തുള്ള തേക്കുംതോട്ടം കോളനിയിലെ ഏഴ് കുടുംബങ്ങളെയും ക്യാമ്പിലേക്ക് ഉടന്‍ മാറ്റും.