കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഈമാസം 14 ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ജില്ലാ കലക്ടര്‍ പി ബി നൂഹിന്റെ സാന്നിധ്യത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഒപി വിഭാഗം ഇതോടൊപ്പം പ്രവര്‍ത്തനം ആരംഭിക്കും. മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മലയോര നാടിന്റെ ചിരകാല സ്വപ്നം യാഥാര്‍ഥ്യമാകുകയാണ്.
മന്ത്രിമാര്‍, എംപി, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, മെഡിക്കല്‍ കോളജ് ജീവനക്കാര്‍ ഉള്‍പ്പെടെ 50 പേരെ മാത്രം ഉള്‍പ്പെടുത്തി ചടങ്ങ് ലഘൂകരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും ഉദ്ഘാടനം നടത്തുക. പൊതുജനങ്ങളെ ചടങ്ങില്‍ അനുവദിക്കില്ല. ചടങ്ങിന് മുന്നോടിയായി അതിഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തും. ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴിയും, പ്രാദേശിക ചാനല്‍ വഴിയും ഉദ്ഘാടനം ലൈവായി കാണുന്നതിന് അവസരമൊരുക്കും.
നിര്‍മാണം പൂര്‍ത്തിയാക്കിയ ആശുപത്രി കെട്ടിടം, അക്കാദമിക്ക് ബ്ലോക്ക് എന്നിവയാണ് മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കുന്നത്. 32,900 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണമുളള ആശുപത്രി കെട്ടിടമാണ് നിര്‍മിച്ചിട്ടുള്ളത്. കാഷ്വാലിറ്റി, ഒപി വിഭാഗം, ഐപി വിഭാഗം, അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം, ഓപ്പറേഷന്‍ തീയറ്ററുകള്‍, കാന്റീന്‍ ഉള്‍പ്പെടെ വിപുലമായ വിഭാഗങ്ങളാണ് ആശുപത്രി കെട്ടിടത്തിലുള്ളത്. നാലുനിലകളിലായി നിര്‍മിച്ചിട്ടുള്ള കെട്ടിടത്തില്‍ 10 വാര്‍ഡുകളിലായി 30 കിടക്കകള്‍ വീതം ആകെ 300 കിടക്കകളാണുള്ളത്. പ്രാരംഭഘട്ടമായി 127 ജീവനക്കാരെയാണ് നിയമിക്കുക.