കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനാകില്ലെന്ന നിലപാടിലുറച്ച് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിനായി പോരാടാന്‍ അതിനെ നയിക്കേണ്ടതില്ല. പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചാല്‍ മതിയെന്നും രാഹുല്‍ അറിയിച്ചു. ഉത്തരവാദിത്ത സംസ്‌കാരം കോണ്‍ഗ്രസ് വളര്‍ത്തിയെടുക്കണം. തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചത് ആ സംസ്‌കാരത്തിന്റെ തുടക്കമാണെന്നും, തന്റെ തീരുമാനത്തിന് കുടുംബത്തിന്റെ പിന്തുണ ഉണ്ടായിരുന്നുവെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
അതേസമയം രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിന് പൂര്‍ണ പിന്തുണയുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാളാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തേണ്ടത്. നേതൃത്വത്തിലേക്ക് വരാന്‍ കഴിവുള്ള നിരവധി പേര്‍ പാര്‍ട്ടിയിലുണ്ട്. അത്തരത്തില്‍ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാളെ നേതാവായി അംഗീകരിക്കാന്‍ തയ്യാറാണ്.