ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പുയര്‍ന്നു. മഴ തുടരുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ് ജില്ലയുടെ കിഴക്കന്‍ മേഖലകള്‍.ശക്തമായ മഴയെത്തുടര്‍ന്ന് നദികളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുകയാണ്. കോട്ടയം ജില്ലയില്‍ ദുരന്ത സാധ്യതാ മേഖലകളിലുള്ള എല്ലാവരെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയാണ്. പേരൂര്‍ നീറിക്കാട് മേഖലകളിലെ ആളുകളെ ഒഴിപ്പിച്ചു.പാലാ നഗരത്തില്‍ വെള്ളം കയറി.
ഏറ്റുമാനൂരില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് പ്രദേശത്തുള്ള ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മീനച്ചിലാര്‍ പലഭാഗങ്ങളിലും കരകവിഞ്ഞൊഴുകുകയാണ്. പുന്നത്തുറ- കറ്റോട് ഭാഗത്ത് റോഡില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വാദം കെട്ടിയാണ് റോഡിനു മറുവശത്തുള്ള ആളുകളെ രക്ഷപ്പെടുത്തിയത്. പ്രദേശത്ത് ഒഴുക്കില്‍ പെട്ടവരെയും നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷിച്ചു.
ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ആളുകളെ ഒഴിപ്പിക്കുന്ന നടപടി ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതുവരെ ജില്ലയില്‍ 34 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 206 കുടുംബങ്ങളിലെ 610 പേരാണ് ക്യാമ്പുകളിലുള്ളത്. 2018ലും 2019ലും പ്രളയത്തെത്തുടര്‍ന്ന് ജലനിരപ്പ് ഉയരുകയും പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവുകയും ചെയ്ത പ്രദേശങ്ങളിലെ എല്ലാവരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന്റെ ചുമതല തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കാണ്. ക്യാമ്പുകള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചാര്‍ജ് ഓഫീസര്‍മാര്‍ ഉറപ്പാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രോട്ടോക്കോള്‍ പാലിക്കുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും വൈദ്യ സഹായവും ആരോഗ്യ വകുപ്പ് നല്‍കും.
ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കൊഴികെ പുറത്തുനിന്ന് ആര്‍ക്കും ക്യാമ്പുകളില്‍ പ്രവേശനം അനുവദിക്കില്ല. ഇത് ലംഘിച്ച് ആരെങ്കിലും പ്രവേശിച്ചാല്‍ ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പോലീസിനെ വിവരം അറിയിക്കേണ്ടതാണ്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്ത നിവാരണ നിയമപ്രകാരവും നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണം വിതരണം ചെയ്യാന്‍ പാടില്ല. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ലാ സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തി.