എംസി റോഡില്‍ വെള്ളക്കെട്ട് മൂലം രൂപപ്പെട്ട കുഴിയില്‍ ബൈക്ക് വീണുണ്ടായ അപകടത്തില്‍പ്പെട്ട് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന തൃശൂര്‍ ചെങ്ങല്ലൂര്‍ കുറിശ്ശേരി സോബിന്‍ ജെയിംസ് (23) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഏറ്റുമാനൂര്‍ തെള്ളകം ജങ്ഷന്‍ സമീപം വെള്ളക്കെട്ടില്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞായിരുന്നു അപകടം.ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും കോട്ടയത്തേക്കു പോവുകയായിരുന്നു സോബിന്‍. വെള്ളക്കെട്ടിന് സമീപം മറ്റൊരു ബൈക്കിനെ മറികടക്കുന്നതിനിടെ ബൈക്കിന് നിയന്ത്രണം നഷ്ടമായി എതിര്‍ദിശയില്‍നിന്നുള്ള പിക്കപ്പ് വാനിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച സോബിനെ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. നില വഷളായതിനെത്തുടര്‍ന്ന് ഇന്ന് മരണപ്പെടുകയായിരുന്നു.
പത്തനംതിട്ടയിലെ ഫെഡറല്‍ ബാങ്ക് ജീവനക്കാരനാണ് സോബിന്‍ ജെയിംസ്. തെള്ളകത്തെ സ്വകാര്യാശുപത്രി കവാടത്തിന് കുറുകെയുണ്ടായിരുന്ന ഓട മൂടപ്പെട്ട നിലയിലാണ്. ഇതാണ് വെള്ളക്കെട്ടിന് കാരണമായത്. ബിഎംബിസി നിലവാരത്തില്‍ നിര്‍മിച്ച റോഡാണ് രണ്ടുദിവസം മാത്രം നീണ്ടുനിന്ന മഴയില്‍ തകര്‍ന്നത്. സംക്രാന്തി മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള ഭാഗത്ത് റോഡില്‍ പലയിടത്തും വെള്ളക്കെട്ടും കുഴിയും രൂപപ്പെട്ടിരിക്കുകയാണ്.