കോട്ടയം നഗരത്തില്‍ വെള്ളം കയറി ; കാര്‍ ഒഴുക്കില്‍പെട്ട് യുവാവിനെ കാണാതായി

.

മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കോട്ടയം നഗരത്തില്‍ വെള്ളം കയറി.പാലമുറിയില്‍ കാര്‍ ഒഴുക്കില്‍പെട്ട് യുവാവിനെ കാണാതായി. അങ്കമാലി സ്വദേശി ജസ്റ്റിനെയാണു കാണാതായത്. മീനച്ചിലാറിന്റെ കൈവഴിയിലാണ് കുത്തൊഴുക്കുണ്ടായത്. കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കും. വൈക്കം, ചങ്ങനാശേരി, കോട്ടയം താലൂക്കുകളില്‍ മഴക്കെടുതി രൂക്ഷമാണ്. പേരൂര്‍, നീലിമംഗലം, നാഗമ്പടം മേഖലയില്‍ വെള്ളം ഉയരുന്നുണ്ട്.

നഗരസഭാ മേഖലയില്‍ നാഗമ്പടം, ചുങ്കം, കാരാപ്പുഴ, ഇല്ലിക്കല്‍, പാറപ്പാടം, താഴത്തങ്ങാടി, പുളിക്കമറ്റം, 15 ല്‍ കടവ്, കല്ലുപുരയ്ക്കല്‍, പുളിനായ്ക്കല്‍, വേളൂര്‍ എന്നീ മേഖലകളില്‍ വെള്ളം കയറിയ നിലയിലാണ്.
പാറപ്പാടം ക്ഷേത്രം വെള്ളത്തില്‍ മുങ്ങി. അയ്മനം, മണര്‍കാട്, അയര്‍ക്കുന്നം പ്രദേശങ്ങള്‍ വെള്ളത്തിലാണ്. പുളിഞ്ചുവട്, ഗൂര്‍ഖ്ണ്ഡസാരി, മഹാത്മാ കോളനിഭാഗം, പേരൂര്‍, പുന്നത്തുറ, മാടപ്പാട് മേഖലയിലും വെള്ളം ഉയര്‍ന്നു.