കൊവിഡ് വാക്സിന്‍ വിതരണത്തിനുളള ഇന്ത്യ വിദഗ്ധ സംഘത്തെ നിയോഗിച്ചു.

കൊവിഡ് വാക്സിന്‍ തയ്യാറായാല്‍ വിതരണത്തിനുളള പദ്ധതിയ്ക്കായി ഇന്ത്യ വിദഗ്ധ സംഘത്തെ നിയോഗിച്ചു. എല്ലാ മന്ത്രാലയങ്ങളില്‍ നിന്നും ഉന്നത സ്ഥാപനങ്ങളില്‍ നിന്നുമുളള ഉന്നതര്‍ സംഘത്തിലുണ്ടാകും. വാക്സിനുകളെ തിരിച്ചറിയാനും അവ വാങ്ങുവാനും വാക്സിന്‍ വാങ്ങുവാനുളള ധനസഹായം മുതല്‍ വാക്സിന്റെ ഫലപ്രദമായ വിതരണം വരെ ഈ സംഘത്തിന്റെ ചുമതലയാകും. നിലവില്‍ കൊവിഡ് വാക്സിനുകള്‍ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ തുടരുമ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായകമായ ഈ നീക്കം.

വാക്സിന്‍ വിതരണ സംഘത്തിന് നീതി അയോഗില്‍ ആരോഗ്യ വിഭാഗം അംഗമായ ഡോ.വി.കെ. പോള്‍, കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ എന്നിവര്‍ നേതൃത്വം നല്‍കും. വിതരണത്തിന് വേണ്ട വാക്സിനുകള്‍ സംഘം തീരുമാനിക്കും. ഇവ വാങ്ങുവാന്‍ വേണ്ട ധനസഹായം ഉറപ്പാക്കും. ആര്‍ക്കെല്ലാം നല്‍കണം എന്നുളള മുന്‍ഗണ തീരുമാനിക്കും. വാക്സിനുകള്‍ കണ്ടെത്തിയില്ലെങ്കില്‍ കൊവിഡ് വ്യാപനം തടയാന്‍ മാസ്‌ക്,സാമൂഹിക അകലം, ജനജീവിതത്തിലേര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ എന്നിവ കര്‍ശനമാക്കും.