കേരളബാങ്ക് തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു.

കേരളബാങ്ക് തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്നാഴ്ചത്തേക്കാണ് നടപടികള്‍ സ്റ്റേ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ സംസ്ഥാന വ്യാപകമായി തിരഞ്ഞെടുപ്പ് നടത്തുന്നത് കൊവിഡ് ചട്ടങ്ങളുടെ ലംഘനം ആകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി.

ഇപ്പോഴത്തെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കും. ഇത്തരം ഒരു സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് തീവ്രവ്യാപനത്തിന് വഴി വച്ചേക്കാം എന്നും ജസ്റ്റിസ് രാജ വിജയരാഘവന്‍ ചൂണ്ടിക്കാട്ടി. ഇന്ന് അന്തിമ വോട്ടര്‍ പട്ടിക പുറത്തിറക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ നടപടി.
അടുത്ത മാസം 25 നാണ് ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ് നടത്താനായി തീരുമാനിച്ചിരുന്നത്. തിരഞ്ഞെടുപ്പിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാക്കളായ ബാങ്ക് ഭരണസമിതി അദ്ധ്യക്ഷന്മാരാണ് ഹൈക്കോടതിയെ സമീപിച്ചത്.