കെ.ടി. ജലീല്‍ രാജിവയ്ക്കണമെന്നുള്ള ആവശ്യം ശക്തം ; പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് കണ്ണീര്‍ വാതകവും പ്രയോഗിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ.ടി. ജലീല്‍ രാജിവയ്ക്കണമെന്നുള്ള ആവശ്യം ശക്തമാകുന്നു.മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതിഷേധവുമായി എത്തി. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.ബാരിക്കേഡ് പൊളിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ഇവര്‍ സെക്രട്ടേറിയറ്റിന് മുന്നിലിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്. അതേസമയം, ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുവജന സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായി.കൊല്ലം, കോഴിക്കോട്, ആലപ്പുഴ, തൃശൂര്‍, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യുവമോര്‍ച്ച, യൂത്ത്ലീഗ്, യൂത്ത്കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി റോഡിലിറങ്ങി.