എം.ജി സര്‍വകലാശാലയുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനത്തില്‍ നിന്ന് രാജിവയ്ക്കുകയാണെന്ന് എഴുത്തുകാരി കെ.ആര്‍ മീര. താന്‍ അപേക്ഷിച്ചിട്ടില്ലെങ്കിലും തനിക്കു കിട്ടിയതായി ചാര്‍ത്തിത്തന്നതും ഇതുവരെ തനിക്ക് അറിയിപ്പു ലഭിച്ചിട്ടില്ലാത്തതുമായ ഈ ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനത്തില്‍നിന്നു രാജി വച്ചതായി മീര പറഞ്ഞു. ഇതുസംബന്ധിച്ച് വൈസ് ചാന്‍സലര്‍ക്ക് ഇ-മെയില്‍ അയച്ചിട്ടുണ്ട്.
എഴുതി ജീവിക്കാന്‍ തീരുമാനിച്ച നാള്‍ മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെയോ കേന്ദ്ര സര്‍ക്കാരിന്റെയോ രാഷ്ട്രീയ നിയമനങ്ങള്‍ സ്വീകരിക്കുകയില്ല എന്നാണ് തന്റെ നിഷ്‌കര്‍ഷ ഇടതു- വലതു വ്യത്യാസമില്ലാതെ പല ഔദ്യോഗിക സ്ഥാനങ്ങളിലേക്കും ക്ഷണം കിട്ടിയിട്ടുണ്ടെങ്കിലും നാളിതുവരെ, ഒരു രാഷ്ട്രീയ നിയമനവും ആനുകൂല്യവും സ്വീകരിച്ചിട്ടില്ല. ഭാവിയിലും അതു സ്വീകരിക്കുകയില്ലെന്നും മീര വ്യക്തമാക്കി.എം.ജി. യൂണിവേഴ്‌സിറ്റിയിലോ മറ്റെവിടെങ്കിലും നിന്നോ ഇതു സംബന്ധിച്ച് തനിക്ക് ഇമെയിലോ ഫോണ്‍ കോളോ കത്തോ ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ തനിക്ക് ഇതിനെ കുറിച്ചു വ്യക്തമായ ഒരു അറിവുമില്ലെന്നും മീര പറയുന്നു.