കുടുംബത്തില്‍ ഉള്ളവര്‍ക്ക് കോവിഡ് ബാധിച്ചാല്‍ പശുക്കള്‍ സര്‍ക്കാര്‍ ‘ഡേകെയറി’ല്‍

കുടുംബത്തിലെ എല്ലാവര്‍ക്കും കോവിഡ് ബാധിച്ചാല്‍ പരിപാലിക്കാന്‍ ആരുമില്ലാതായ പശുക്കള്‍ക്ക് ഇനി സര്‍ക്കാര്‍ സംരക്ഷണം. തിരുവാര്‍പ്പില്‍ കോവിഡ് ബാധിച്ച കുടുംബത്തിന്റെ അഞ്ച് പശുക്കളെയാണ് ജില്ലാ കളകര്‍ എം.അഞ്ജനയുടെ ഇടപടലിനെ തുടര്‍ന്ന് ക്ഷീരവികസന വകുപ്പ് താത്കാലിക സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയത്.
ബുധനാഴ്ച രാവിലെ കുടുംബത്തിലെ എട്ടാമത്തെയാളും കോവിഡ് ബാധിച്ച് ചികിത്സാകേന്ദ്രത്തിലായതോടെയാണ് പശുക്കള്‍ക്ക് തീറ്റ നല്‍കാനും പാല്‍ കറക്കാനും ആരുമില്ലാതായത് .അകിടില്‍ പാല്‍ കെട്ടിനില്‍ക്കുന്നത് പശുക്കളുടെ ആരോഗ്യത്തെ ബാധിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്ത് ഗൃഹനാഥന്‍ കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് പശുക്കളെ സംരക്ഷിക്കുന്നതിനും പാല്‍ കറക്കുന്നതിനും അടിയന്തര നടപടിയെടുക്കാന്‍ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. ഗ്രാമപ്പഞ്ചായത്തിന്റെയും തിരുവാര്‍പ്പ് ക്ഷീരോത്പാദക സഹകരണസംഘത്തിന്റെയും സഹകരണത്തോടെ പശുക്കളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് വകുപ്പ് നടപടികള്‍ സ്വീകരിച്ചു.

കോവിഡ് ബാധിച്ച് കുടുംബത്തിലെ എല്ലാവരും ചികിത്സയിലാകുന്ന സാഹചര്യത്തില്‍ അവിടുത്തെ കന്നുകാലികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപടി സ്വീകരിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ക്ഷീരവികസന വകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നു . ഇതനുസരിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ എല്ലാ ക്ഷീരസംഘങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട് .