കാഞ്ഞിരപ്പള്ളി താലൂക്കിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ആധുനിക ശ്മശാനം യാഥാര്‍ത്ഥ്യമായി.താലൂക്കിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഏക ശ്മശാനമായ പട്ടിമറ്റം ശ്മശാനം കോട്ടയം ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അനുവദിച്ച 35 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ചു.മൃതദേഹങ്ങള്‍ മണ്ണില്‍ കുഴിയെടുത്ത് സംസ്‌കരിക്കുന്നതിന് പകരം മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നതിന് 48 കോണ്‍ക്രീറ്റ് സെല്ലുകളും മരണാനന്തര ചടങ്ങുകള്‍ക്കായി ഹാള്‍ നിര്‍മ്മിക്കുകയും മൃതദേഹം ദഹിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നവര്‍ക്ക് അതിനും പ്രത്യേകം സൗകര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്.
ചുറ്റുമതില്‍, കമാനം, കോണ്‍ക്രീറ്റ് റോഡ് തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ഒരുക്കി ശ്മശാനം എല്ലാ പ്രകാരത്തിലും ആധുനികവത്കരിച്ചിരിക്കുകയാണ്.
നവീകരിച്ച ശ്മശാനത്തിന്റെ ഔപചാരിക സമര്‍പ്പണ ചടങ്ങ് ആഗസ്റ്റ് 30-ാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നാമമാത്രമായ ആളുകളുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വ്വഹിക്കും. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രഡിഡന്റ് ഷക്കീലാ നസീര്‍ അദ്ധ്യക്ഷയാകും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.എ. ഷെമീര്‍,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുരേന്ദ്രന്‍ കാലായില്‍, കെ.ആര്‍. തങ്കപ്പന്‍ എന്നിവര്‍ പങ്കെടുക്കും.വിവിധ പട്ടികജാതി/പട്ടികവര്‍ഗ്ഗ സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെട്ടതും വി.കെ. തങ്കപ്പന്‍ ചെയര്‍മാനും വി.എന്‍. ഷാജി കണ്‍വീനറുമായ കമ്മറ്റിക്കായിരുന്നു നിര്‍മ്മാണ ചുമതല .
