ഓണക്കിറ്റിലെ പപ്പടത്തിനും ഗുണനിലവാരമില്ല ; വിജിലന്‍സ്.

ശര്‍ക്കരയ്ക്ക് പുറമെ ഓണക്കിറ്റിലെ പപ്പടത്തിനും ഗുണനിലവാരമില്ലെന്ന് വ്യാപക പരാതി. നിര്‍ദേശിച്ച ഗുണനിലവാരമോ തൂക്കമോ ഇല്ലാത്ത പപ്പടമാണ് എത്തിച്ചതെന്നും കരാറുകാരില്‍ നിന്ന് പിഴ ഈടാക്കണമെന്നും വിജിലന്‍സ് വിഭാഗം സപ്ലൈകോയോട് ആവശ്യപ്പെട്ടു. ഇതേ കരാറുകാരന്‍ നല്‍കിയ കടലയും ഗുണനിലവാരമില്ലെന്ന് കണ്ടെത്തി തിരിച്ചയച്ചിരുന്നു.ഓണക്കിറ്റിലേക്ക് വേണ്ട എണ്‍പത്തിയൊന്ന് ലക്ഷം പപ്പട പാക്കറ്റിനാണ് തിരുവനന്തപുരം ആസ്ഥാനമായുള്ള ഹഫ്‌സര്‍ ട്രേഡിങ് കമ്പനിക്ക് സപ്ലൈകോ കരാര്‍ നല്‍കിയത്.
നാല് ഡിപ്പോയിലെ കരാറെടുത്ത മലപ്പുറം എസ്‌കോ കറിപൗഡര്‍ കമ്പനിക്ക് പപ്പടം എത്തിക്കാന്‍ കഴിയാതെ വന്നതോടെ ആ കരാറും ഹഫ്‌സറിന് തന്നെ നല്‍കി. എന്നാല്‍ ഇവര്‍ വിതരണം ചെയ്ത തമിഴ്‌നാട് പപ്പടത്തിന് സപ്ലൈകോ നിര്‍ദേശിച്ച തൂക്കമോ ഗുണനിലവാരമോ ഇല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മാത്രമല്ല, അരിപ്പൊടി കൂടുതലുള്ള ഇത് പപ്പടമല്ല, തമിഴ്‌നാട്ടിലെ അപ്പളമാണെന്നും ആക്ഷേപമുണ്ട്.