വര്‍ഷങ്ങളായി സര്‍ക്കാര്‍ ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ആദിവാസി വിഭാഗങ്ങള്‍ക്ക് നല്‍കുന്ന ഓണക്കിറ്റുകള്‍ക്ക് പകരം ഓണക്കോടി നല്‍കി ആദിവാസി വിഭാഗങ്ങളെ പട്ടിണിയിലാക്കിയെന്ന് പരാതി . ഇരുമ്പൂന്നിക്കര ആദിവാസി ഊരുകൂട്ടമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എല്ലാ വര്‍ഷവും ഓണാഘോഷത്തിന്റെ ഭാഗമായി ആദിവാസി വിഭാഗങ്ങള്‍ക്ക് ട്രൈബല്‍ വകുപ്പ് കിറ്റുകള്‍ നല്‍കുന്ന പതിവുണ്ട്.എന്നാല്‍ ഇത്തവണ തിരുവോണത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ഓണം കിറ്റുകള്‍ പ്രതീക്ഷിച്ചിരുന്ന കുടുംബങ്ങള്‍ക്ക് ഓണക്കോടി മാത്രമാണ് കഴിഞ്ഞ ദിവസം നല്‍കിയത്.
കിറ്റുകള്‍ ലഭിക്കാതായതോടെ കൂടി ഇത്തവണത്തെ ഓണത്തിന് സദ്യയൊരുക്കാതെ പട്ടിണി കിടന്ന് പ്രതിഷേധിക്കാന്‍ തയ്യാറെടുക്കുകയാണിവര്‍.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജീവിതം തന്നെ വഴിമുട്ടിയ ആദിവാസി കുടുംബങ്ങളുടെ ഏക പ്രതീക്ഷയായിരുന്നു ഓണത്തിന് നല്‍കുന്ന കിറ്റ്. എന്നാല്‍ ഈ ഓണത്തിന് ആദിവാസി കുടുംബങ്ങളെ മുഴുവന്‍ പട്ടിണിയില്‍ ആക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. സംസ്ഥാന സര്‍ക്കാര്‍ ലക്ഷങ്ങളും കോടികളും മുടക്കി ആര്‍ഭാടങ്ങള്‍ക്ക് വിനിയോഗിക്കുമ്പോള്‍ കോവിഡ് പ്രതിസന്ധിയുടെ മറവില്‍ പിന്നാക്കവിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളെ പട്ടിണിയിലാക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ഊരുമൂപ്പന്‍ രാജന്‍ അറക്കുളം, സരസമ്മ തോട്ടുങ്കല്‍ (സെക്രട്ടറി), പ്രസന്നകുമാര്‍ കോച്ചേരിയില്‍ ( ട്രഷറര്‍ ), അംഗം രാജമ്മ പേക്കാട്ട് എന്നിവര്‍ പറഞ്ഞു.