എരുമേലി – ചിറക്കടവ് പൊതുശ്മശാനം പൂര്‍ത്തിയാക്കണം  : ഹിന്ദു ഐക്യവേദി

 

12 വര്‍ഷത്തിലധികമായി മുടങ്ങി കിടക്കുന്ന എരുമേലി ഗ്രാമ പഞ്ചായത്ത് പൊതു ശ്മശാനം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി ആവശ്യപ്പെട്ടു. 2008 – ലെ ജനകീയാസൂത്രണ പദ്ധതി പ്രകാരം 2 കോടി രൂപാ അനുവദിച്ചിട്ടും പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കുകയാണ് കെല്‍ എന്ന കമ്പനി ചെയ്തത്. മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോഴാണ് അധികാരികളുടെ അനാസ്ഥ മൂലം പൊതു ശ്മശാന നിര്‍മ്മാണം മുടങ്ങി കിടക്കുന്ന പൊതു ശ്മശാനത്തിന്റെ പ്രവര്‍ത്തനത്തിനു വേണ്ട അനുമതി മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആരോഗ്യവകുപ്പ് എന്നിവ നല്‍കിയെങ്കിലും ഇതുവരെ പ്രവര്‍ത്തനം ആരംഭിക്കാത്തതിനെ കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന കേന്ദ്രമായ എരുമേലിയില്‍ തീര്‍ത്ഥാടകരടക്കം മരിച്ചാല്‍ സംസ്‌കരിക്കാന്‍ കഴിയാത്ത അവസഥയാണുള്ളത്. എരുമേലിയിലും ചിറക്കടവിലെയും പൊതു ശ്മശാനങ്ങള്‍ ഉടന്‍ പ്രവര്‍ത്തന യോഗ്യമാക്കണമെന്ന് ഹിന്ദു ഐക്യവേദി കാഞ്ഞിരപ്പിള്ളി താലൂക്ക് ജനറല്‍ സെക്രട്ടറി ജയരാജ് ചെന്നിലത്ത് ആവശ്യപ്പെട്ടു. ഭൂരഹിതരായ ദരിദ്ര ജനവിഭാഗങ്ങള്‍ക്കായി ജില്ലയിലെ എല്ലാ പഞ്ചായത്തിലും പൊതു ശ്മശാനം നിര്‍മ്മിക്കമെന്നും ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് നട്ടാശേരി ആവശ്യപ്പെട്ടു.