ഉരുള്‍പൊട്ടലില്‍ ക്ഷേത്രത്തിലെ മുഖ്യപൂജാരിയുള്‍പ്പെടെ അഞ്ചുപേരെ കാണാതായി.

 

കനത്ത മഴയെത്തുടര്‍ന്ന് തലക്കാവേരിയിലെ ബ്രഹ്മഗിരി മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ തലക്കാവേരി ക്ഷേത്രത്തിലെ മുഖ്യപൂജാരിയും കുടുംബാംഗങ്ങളുമുള്‍പ്പെടെ അഞ്ചുപേരെ കാണാതായി. തലക്കാവേരി ക്ഷേത്രത്തിലെ പ്രധാന പൂജാരികളില്‍ ഒരാളായ നാരായണ ആചാര്‍ (75), ഭാര്യ ശാന്താ ആചാര്‍ (70), നാരായണ ആചാറുടെ സഹോദരന്‍ സ്വാമി ആനന്ദ തീര്‍ഥ (78), തലക്കാവേരി ക്ഷേത്രത്തിലെ മറ്റ് രണ്ട് ക്ഷേത്ര പൂജാരികളായ രവി കിരണ്‍ (30), പവന്‍ എന്നിവരെയാണ് കാണാതായത്. ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെ തലക്കാവേരി ക്ഷേത്രത്തിന്റെ താഴ്വാരത്തായിരുന്നു അപകടം നടന്നത്.

അപകടം നടന്ന സ്ഥലത്തിന്റെ എട്ട് കിലോമീറ്ററോളം ഭാഗം മണ്ണ് മൂടി കിടക്കുകയാണ്. ദുരന്തനിവാരണ സേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് മണ്ണ് മാന്തിയന്ത്രവും മറ്റും ഉപയോഗിച്ച് വ്യാഴാഴ്ച രാവിലെമുതല്‍ തിരച്ചില്‍ തുടങ്ങിയിരുന്നെങ്കിലും കനത്തമഴയില്‍ തടസ്സപ്പെട്ടു. നാരായണ ആചാറിന്റെ വീട്ടിലെ 20 പശുക്കള്‍, രണ്ട് വാഹനങ്ങള്‍ എന്നിവയും മണ്ണിനടിയില്‍പ്പെട്ടതായി കരുതുന്നു.