ഉത്ര വധക്കേസില്‍ ഒന്നാംപ്രതി സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍. അടൂരിലുള്ള ഇവരുടെ വീട്ടിലെത്തിയാണ് ക്രൈബ്രാഞ്ച് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീധന നിരോധനനിയമം അനുസരിച്ചാണ് അറസ്റ്റ്. സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ പുനലൂര്‍ കോടതിയില്‍ ഇന്നുതന്നെ ഹജരാക്കുമെന്ന് ക്രൈബ്രാഞ്ച് അറിയിച്ചു. രണ്ടുപേരെയും സ്ത്രീധന നിരോധനനിയമം അനുസരിച്ച് കേസില്‍ പ്രതി ചേര്‍ത്തിരുന്നു.
ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട ആദ്യ കുറ്റപത്രത്തില്‍ ഇവരെ ഒഴിവാക്കിയിരുന്നു. എന്നാല്‍ ഗാര്‍ഹിക പീഡനം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചുള്ള രണ്ടാമത്തെ കുറ്റപത്രത്തില്‍ രേണുകയെയും സൂര്യയെയും സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെയും പ്രതിചേര്‍ത്തിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് നാലുതവണ രേണുകയെയും സൂര്യയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഉത്രയെ കൊന്നത് താനാണെന്ന് സൂരജ് കുറ്റസമ്മതം നടത്തിയിരുന്നു. സൂരജിന് പാമ്ബിനെ നല്‍കിയ പാമ്ബുപിടുത്തക്കാരന്‍ സുരേഷ്, തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്ന സൂരജിന്റെ പിതാവ് സുരേന്ദ്രന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.