ഇനി 24 മണിക്കൂറും രാജ്യത്ത് വൈദ്യുതി വിതരണം…….

24 മണിക്കൂറും രാജ്യത്ത് വൈദ്യുതി വിതരണം നടത്താന്‍ തയ്യാറെടുത്ത് കേന്ദ്ര സര്‍ക്കാര്‍. നിലവിലെ ചട്ടങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് ഇടതടവില്ലാതെ ജനങ്ങള്‍ക്ക് വൈദ്യുതി വിതരണം ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.വൈദ്യുതി വിതരണം തടസപ്പെട്ടാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കുന്ന തരത്തിലാവും പുതിയ വ്യവസ്ഥകള്‍ കേന്ദ്രം കൊണ്ടുവരിക.
മുന്‍കൂട്ടി അറിയിക്കാതെ വൈദ്യുതി തടസപ്പെടുകയോ മുന്‍കൂട്ടി അറിയിച്ച നിശ്ചിത സമയ പരിധി കഴിഞ്ഞും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാതിരിക്കുകയോ ചെയ്താല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കുക. നഷ്ടപരിഹാരമായി ലഭിക്കുന്ന തുക നേരിട്ട് ഉപഭോക്താവിന്റെ അക്കൗണ്ടില്‍ എത്തുകയും ചെയ്യും.
വൈദ്യുതി വിതരണ കമ്പനികള്‍ക്കും സംസ്ഥാനങ്ങള്‍ക്കുമുള്ള ഉത്തരവാദിത്വങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുള്ളതാണ് നയമെന്നും വാര്‍ത്താ ഏജന്‍സി വ്യക്തമാക്കുന്നു. പുതിയ താരിഫ് നയം ഊര്‍ജ മന്ത്രാലയം കാബിനറ്റിന്റെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്. വൈദ്യുതി ഉത്പാദനം ആവശ്യത്തില്‍ അധികമായ സാഹചര്യത്തിലാണ് കേന്ദ്രം ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നതെന്നാണ് വിവരം.