ഇടുക്കി ഹൈറേഞ്ച് മേഖലയില്‍ കനത്ത നാശനഷ്ടം.നാല് വീടുകള്‍ പൂര്‍ണമായും നാല്‍പത് വീടുകള്‍ ഭാഗികമായും തകര്‍ന്നു. കമ്പംമെട്ടില്‍ കോവിഡ് പരിശോധനകള്‍ക്കായി സ്ഥാപിച്ചിരുന്ന താത്കാലിക ഷെഡ് പൂര്‍ണ്ണമായും തകര്‍ന്നു. നൂറോളം വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നതോടെ ചിലപ്രദേശങ്ങള്‍ ഇരുട്ടിലാണ്.
മഴയ്ക്കൊപ്പം അതിശക്തമായ കാറ്റാണ് നെടുങ്കണ്ടം, കരുണാപുരം കട്ടപ്പന മേഖലകളില്‍ ഉണ്ടായത്. കമ്പംമെട്ടില്‍ കോവിഡ് വിവരശേഖരണത്തിന് നിര്‍മിച്ച് താത്കാലിക ഷെഡ് കാറ്റില്‍ തകര്‍ന്നു. നൂറുകണക്കിന് ചരക്ക് വാഹനങ്ങളാണ് കമ്പംമെട്ട് ചെക്ക്പോസ്റ്റ് വഴി തമിഴ്നാട്ടിലേയ്ക്കും തിരികെയും കടന്ന് പോകുന്നത്. ഇവിടുത്തെ പരിശോധനാ സംവിധാനങ്ങള്‍ നിലച്ചാല്‍, കോവിഡ് നിയന്ത്രണമാര്‍ഗങ്ങള്‍ പ്രതിസന്ധിയിലാകും.
കഴിഞ്ഞ ദിവസങ്ങളിലായി നാല് വീടുകള്‍ പൂര്‍ണമായും, നാല്‍പതോളം വീടുകള്‍ ഭാഗികമായും തകര്‍ന്നു. പാറക്കടവ്, തങ്കച്ചന്‍കട, തണ്ണിപ്പാറ തുടങ്ങിയ മേഖലകളില്‍ വ്യാപക കൃഷി നാശവും ഉണ്ടായി. നെടുങ്കണ്ടം പോളിടെക്നിക്ക് കോളജിന്റെ മേല്‍ക്കൂരയിലെ ഷീറ്റുകള്‍ കാറ്റില്‍ പറന്ന് പോയി. അക്കാദമിക് ബ്ലോക്കിലെ ഷീറ്റുകളാണ് തകര്‍ന്നത്.രാജാക്കാട്, രാജകുമാരി മേഖലകളില്‍ വൈദ്യുതി മുങ്ങിയിട്ട് നാല് ദിവസം പിന്നിട്ടു. ശാന്തന്‍പാറ സേനാപതി മറയൂര്‍ തുടങ്ങിയ പ്രദേശങ്ങളിലും വൈദ്യുതിയില്ല.
അതേസമയം, ഇടുക്കി പീരുമേട്ടില്‍ മൂന്നിടത്ത് ഉരുള്‍ പൊട്ടി. കോഴിക്കാനം,അണ്ണന്‍തമ്ബി മല, മേമല എന്നിവിടങ്ങളിലെ തോട്ടങ്ങളിലാണ് ഉരുള്‍ പൊട്ടിയത്. വന്‍ തോതില്‍ മണ്ണ് ഒഴുകിയെത്തിയതോടെ കെ.കെ. റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. അപകടാവസ്ഥയിലായ വീടുകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു