കോണ്‍ഗ്രസിനുള്ളിലെ ആര്‍എസ്എസിന്റെ സര്‍സംഘചാലകാണ് രമേശ് ചെന്നിത്തലയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനി പത്രത്തിലെഴുതിയ ലേഖനത്തിലാണ് പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷമായ ഭാഷയില്‍ കോടിയേരിയുടെ വിമര്‍ശനം. ആര്‍എസ്എസ് അനുഭാവിയുടെ മകനാണ് ചെന്നിത്തലയെന്നും ആര്‍എസ്എസുകാരേക്കാള്‍ നന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തിലണിയുന്നത് ചെന്നിത്തലയാണെന്നും ലേഖനം പറയുന്നു.
അയോധ്യ, മുത്തലാഖ്, പൗരത്വ ഭേദഗതി വിഷയങ്ങളിലെല്ലാം കൈപ്പത്തിയെ താമരയെക്കാള്‍ പ്രിയങ്കരമാക്കാനുള്ള മൃദു ഹിന്ദുത്വകാര്‍ഡാണ് കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും ഇറക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും മുസ്ലിം ലീഗും ഇവിടെ മുഖ്യശത്രുവായിക്കാണുന്നത് സിപിഎമ്മിനെയാണ്. സര്‍ക്കാരിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാവിലെ പറയുന്നത് വെയിലാറും മുമ്പ് ചെന്നിത്തല ആവര്‍ത്തിക്കും.
2016 ല്‍ നിയമസഭയിലേക്ക് ഹരിപ്പാട്ടു മല്‍സരിച്ചപ്പോള്‍ ചെന്നിത്തലയ്ക്കു കിട്ടിയ വോട്ടിനേക്കാള്‍ 14535 വോട്ട് 2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇതേ മണ്ഡലത്തില്‍ കോണ്‍ഗ്രസിനു കുറഞ്ഞു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി അശ്വിനി രാജിനു കിട്ടിയതിനേക്കാള്‍ 13253 വോട്ട് ബിജെപിക്ക് അധികമായി കിട്ടുകയും ചെയ്തു. ഇതു വിരല്‍ ചൂണ്ടുന്നത് ആര്‍എസ്എസിന്റെ ഹൃദയത്തുടിപ്പാണ് ചെന്നിത്തല എന്നതാണ്. ഈ പ്രക്രിയയില്‍ ആപാദചൂഢം വ്യാപൃതനായതു കൊണ്ടാണ് അയോധ്യയിലെ രാമക്ഷേത്രം പോലുള്ള വിഷയങ്ങളില്‍ യുഡിഎഫ് മൗനം പാലിക്കുന്നതെന്നും കോടിയേരി പറയുന്നു.