ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ പടലപ്പിണക്കം. വ്യക്തിഗത കാരണങ്ങള്‍ പറഞ്ഞ് ടീമില്‍ നിന്ന് പിന്‍മാറിയ സുരേഷ് റെയ്‌നയ്‌ക്കെതിരേ സിഎസ്‌കെ ഉടമ എന്‍ ശ്രീനിവാസന്‍ രംഗത്തെത്തി. അഹങ്കാരം ചില താരങ്ങളുടെ തലയ്ക്ക് പിടിച്ചിട്ടുണ്ടെന്നും ക്യാപ്റ്റന്‍ ധോണിയുടെ നിയന്ത്രണത്തിലാണ് സിഎസ്‌കെയെന്നും മുന്‍ ബിസിസിഐ പ്രസിഡന്റ് കൂടിയായ ശ്രീനിവാസന്‍ വ്യക്തമാക്കി. കൊവിഡ് ബാധയും റെയ്‌നയുടെ പിന്‍മാറ്റവും ടീമിനെ പ്രതിസന്ധിയിലാക്കിയിട്ടില്ല. ടീം എല്ലാം മറികടക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അതിനിടെ റെയ്‌നയുടെ ടീമില്‍ നിന്നുള്ള പിന്‍മാറ്റത്തിന് പിന്നില്‍ ദുബയിലെ മുറിയില്‍ ലഭിച്ച അസൗകര്യമാണെന്ന് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് ചെയ്തു. ക്യാപ്റ്റന്‍ ധോണിയെപ്പോലെയുള്ള മുറി വേണമെന്ന് റെയ്‌ന നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബാല്‍ക്കണിയില്ലാത്തതും വേണ്ടത്ര ബയോ സുരക്ഷയില്ലാത്തതുമായ മുറി ലഭിച്ചതില്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ റെയ്‌നയ്ക്കു അതൃപ്തിയുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് താരം ദുബായ് വിട്ടതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പഠാന്‍കോട്ടയില്‍ മോഷണത്തിനിടെ റെയ്‌നയുടെ ബന്ധു മരണപ്പെട്ടിരുന്നു. ഇതില്‍ മനോവിഷമമുണ്ടായാണ് താരം ടീമില്‍ നിന്ന് പിന്‍മാറിയതെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. അതിനിടെ, ദീപക് ചാഹര്‍ അടക്കം സിഎസ്‌കെ ടീമിലെ 13 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ടീം ദുബായില്‍ നടക്കുന്ന ആദ്യ ഐപിഎല്‍ മല്‍സരത്തില്‍ കളിക്കില്ല.