sunday special
അക്ഷരങ്ങളെ ആകാശത്തോളം സ്‌നേഹിച്ച പ്രമോദ് തന്റെ ആഗ്രഹം പോലെ അധ്യാപകവൃത്തിയില്‍ ശ്രദ്ധേയനാവുകയാണ്.അസുഖത്തെ തുടര്‍ന്ന് ശരീരം ദുര്‍ബലമായ കനകപ്പലം തങ്കഗിരി വീട്ടില്‍ എബ്രഹാമെന്ന പ്രമോദാണ് ദുരിതങ്ങളെ അതിജീവിച്ച് ആഗ്രഹം സഫലമായതിന്റെ സന്തോഷം പങ്കുവയ്ക്കുന്നത്.
മൂന്നാം വയസില്‍ എബ്രഹാമിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി.പത്താം വയസില്‍ മസ്‌കുലര്‍ ഡിസ്‌ട്രോഫിയെന്ന മസില്‍ ദുര്‍ബലമാക്കുന്ന അസുഖമാണെന്ന് തിരിച്ചറിഞ്ഞത്.ശരീരം പൂര്‍ണ്ണമായും ദുര്‍ബലമാകുകയും ചെയ്തു.എന്നാല്‍ അധ്യാപകരായ മാതാപിതാക്കള്‍ സഞ്ചരിച്ച അതേ പാതയിലൂടെ സഞ്ചരിക്കണമെന്ന എബ്രഹാമിന്റെ ആഗ്രഹത്തിന് അസുഖം ഏറെ വെല്ലുവിളിയായി വന്നുവെങ്കിലും എല്ലാ ദുരിതത്തേയും പഠിച്ച് തോല്പിച്ച് എബ്രഹാം ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനായാണ് തന്റെ ആഗ്രഹം സാധിച്ചത്.

അധ്യാപകനാകാന്‍ വേണ്ടി മാത്രം കൊമേഴ്‌സ് പഠിച്ച് ഏബ്രഹം തന്റെ വിജയപാതയിലെത്തിയതും ദുര്‍ഘടങ്ങളായായ വഴികളിലൂടെയായിരുന്നു. വിദ്യാര്‍ഥികള്‍ ഇവരുടെ പ്രിയങ്കരനായ അധ്യാപകനെ വീഴാതെ തോളോട് ചേര്‍ത്ത് സുഹൃത്തിനെപ്പോലെയാണ് കൊണ്ടു നടക്കുന്നത്.ഇതിനിടെ 2010 ഒക്ടോബറില്‍ ഹൃദയ സംബന്ധമായ അസുഖം നേരിട്ടതിനെതുടര്‍ന്ന് പേസ്‌മേക്കറിന്റെ സഹായത്തോടെ ഡോക്ടറുമാരുടെ പ്രവചനത്തെ പോലും അതീജിവിച്ച് കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകനായി ഏബ്രഹം മാറി.
കോട്ടയം ബേക്കല്‍ മോമ്മോറിയല്‍ ,മല്ലപ്പള്ളി സി എം സ് ഹയര്‍സെക്കണ്ടറി എന്നിവിടങ്ങളിലെ സേവനത്തിന് ശേഷം കുഴിക്കാല സിഎംസ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് . ഇപ്പോള്‍ കുട്ടികളെ ഓണ്‍ലൈന്‍ പഠനത്തിലുടെ മിടുക്കാരക്കാനുള്ള ശ്രമത്തിലാണ് .പരേതനും അധ്യാപകനുമായിരുന്ന പിതാവ് ജോര്‍ജും, മാതാവ് ഏലിയാമ്മയും നടന്ന പാതയിലൂടെ നീങ്ങിയ എബ്രഹാമിന്റെ ജീവിത പങ്കാളി സിന്ധുവും അധ്യാപികയാണ്.ആരോണ്‍,കൃപ എന്നിവര്‍ മക്കളാണ്.