Saturday, May 4, 2024
keralaNewspolitics

കേന്ദ്രസര്‍ക്കാറിനെ മാതൃകയാക്കി സംസ്ഥാന സര്‍ക്കാരും ഇന്ധനനികുതി കുറയ്ക്കണം ;കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിനെ മാതൃകയാക്കി സംസ്ഥാന സര്‍ക്കാരും ഇന്ധനനികുതി കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മറ്റു പല സംസ്ഥാനങ്ങളും നികുതി കുറച്ച് കേന്ദ്രത്തിന് പിന്തുണ നല്‍കിയിട്ടും കേരള സര്‍ക്കാര്‍ തപ്പിത്തടയുകയാണെന്ന് കെ. സുരേന്ദ്രന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.കേന്ദ്രം നികുതി കുറച്ചാല്‍ കേരളവും നികുതി കുറയ്ക്കാമെന്ന വാഗ്ദാനം പാലിക്കാന്‍ ധനകാര്യ മന്ത്രി തയ്യാറാവണം.നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്‍കുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.ഇന്ധനവില വര്‍ദ്ധനവില്‍ കേന്ദ്രസര്‍ക്കാരിനെ പഴിചാരി ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ അടവും പൊളിഞ്ഞു കഴിഞ്ഞു. ഇനിയെങ്കിലും ജനദ്രോഹ നടപടിയില്‍ നിന്നും പിന്‍മാറാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.ഇന്നലെയാണ് രാജ്യത്തെ ഇന്ധനവില പിടിച്ചുനിര്‍ത്താന്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ കുറച്ചത്. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും ഇതിന്റെ ഫലമായി കുറയും. ഇതിന് പിന്നാലെ ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസമേകി ഒന്‍പത് സംസ്ഥാനങ്ങളും നികുതി കുറച്ചിരുന്നു. എന്നാല്‍ നികുതി കുറയ്ക്കില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു.