Friday, May 3, 2024
indiaNews

പാര്‍ലമെന്റംഗങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഉണ്ടായിരുന്ന ക്രഡിറ്റ് സൗകര്യം എയര്‍ ഇന്ത്യ നിര്‍ത്തലാക്കി.

ദില്ലി: പാര്‍ലമെന്റംഗങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഉണ്ടായിരുന്ന ക്രഡിറ്റ് സൗകര്യം എയര്‍ ഇന്ത്യ നിര്‍ത്തലാക്കി. ടാറ്റയുടെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് എയര്‍ ഇന്ത്യയെ ഏറ്റെടുക്കുന്നതിന്റെ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണിത്. ഇതോടെ പാര്‍ലമെന്റംഗങ്ങള്‍ അടക്കമുള്ളവര്‍ക്ക് ഇനി പണം കൊടുത്ത് മാത്രമേ യാത്ര ചെയ്യാനാവൂ.അതേസമയം ഈ തീരുമാനം എംപിമാര്‍ക്ക് പ്രതിസന്ധിയാവുമെന്ന് സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം പ്രതികരിച്ചിട്ടുണ്ട്. എംപിമാര്‍ക്കുള്ള സൗകര്യങ്ങള്‍ കേന്ദ്രം ഒന്നൊന്നായി വെട്ടിച്ചുരുക്കുകയാണ്. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെയാണിതെന്നും അദ്ദേഹം പ്രതികരിച്ചു.

രാജ്യസഭാ സെക്രട്ടറി പിപികെ രാമചാര്യുലുവാണ് ഇക്കാര്യം അംഗങ്ങളെ അറിയിച്ചത്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ യാത്രാ ടിക്കറ്റിന്റെ തുക എക്‌സ്‌പെന്റിച്ചര്‍ മന്ത്രാലയമാണ് ഇവരുടെ യാത്രാച്ചിലവുകള്‍ കൈകാര്യം ചെയ്തിരുന്നത്. ഇവരടക്കം ഇനി സാധാരണ യാത്രക്കാരെ പോലെ തന്നെ എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യണം. അതായത്, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ എല്ലാവരും പണം നല്‍കേണ്ടി വരും.എയര്‍ ഇന്ത്യ പൂര്‍ണ്ണമായി ഏറ്റെടുത്തതിന് പിന്നാലെ മുഖം മിനുക്കല്‍ നടപടികളിലേക്ക് കടക്കാനാണ് ടാറ്റയുടെ തീരുമാനം. എയര്‍ ഇന്ത്യയുടെ പഴയ സംവിധാനം പൊളിച്ച് ഒരു കോര്‍പറേറ്റ് റീസ്ട്രക്ചറിങ് നടത്താനാണ് ടാറ്റ ഉദ്ദേശിക്കുന്നത്. ഇതിനായി ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായിട്ടുള്ള ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ സേവനം തേടുമെന്നും നേരത്തെ വ്യക്തമാക്കിയതാണ്.

നിലവിലുള്ള അനാവശ്യ ചെലവുകള്‍ ഒഴിവാക്കല്‍, പഴയ വിമാനങ്ങളുടെ മാറ്റം, ജീവനക്കാര്‍ക്കുള്ള ഫ്രീ പാസ് വെട്ടിച്ചുരുക്കല്‍, പുതിയ റൂട്ടുകള്‍ കണ്ടെത്തല്‍, വിമാനങ്ങളുടെ പരിപാലനത്തിലെ അധിക ചെലവുകള്‍ കുറയ്ക്കുക തുടങ്ങിയ വിഷയങ്ങളില്‍ ടിസിഎസ് സഹായത്തോടെ മാര്‍ഗ്ഗരേഖയുണ്ടാക്കും.തൊഴില്‍ സുരക്ഷ സംബന്ധിച്ച് ജീവനക്കാര്‍ക്ക് വലിയ ആശങ്കയുണ്ട്. കരാര്‍ പ്രകാരം ആദ്യത്തെ ഒരു വര്‍ഷം ജീവനക്കാരെ ടാറ്റയ്ക്ക് പിരിച്ചുവിടാനാകില്ല. രണ്ടാം വര്‍ഷം മുതല്‍ ജീവനക്കാരെ പിരിച്ചുവിടുകയാണെങ്കില്‍ സ്വയം വിരമിക്കലിനുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്നും നിബന്ധനയുണ്ട്. ജീവനക്കാരുടെ പ്രകടന നിലവാരം മാനദണ്ഡമാക്കി ഇതില്‍ തീരുമാനമെടുക്കാനാണ് നീക്കം. നിലവില്‍ 12085 ജീവനക്കാരാണ് എയര്‍ ഇന്ത്യയിലുള്ളത്. ഉപകമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 1434 ജീവനക്കാരുണ്ട്.

രാജ്യത്തെ ഏക പൊതുമേഖലാ വിമാനക്കമ്പനിയെ പൂര്‍ണ്ണമായി സ്വകാര്യവല്‍ക്കരിച്ചതോടെ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഒഴിപ്പിക്കല്‍ നടപടികള്‍, ഹജ്ജ് സര്‍വ്വീസ് എന്നിവയ്ക്ക് ഇനി എയര്‍ ഇന്ത്യയ്ക്ക് പകരം ആരെ ആശ്രയിക്കുമെന്ന ചോദ്യം ഉയരുന്നുണ്ട്. ഇതിനായി സ്വകാര്യ വിമാനക്കമ്പനികളുമായി കരാറിലേര്‍പ്പെടാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ വൈകാതെ സ്വീകരിക്കുമെന്നാണ് ഇപ്പോള്‍ ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.