Friday, May 3, 2024
keralaNews

വനവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനെ സസ്പെന്‍ഡ് ചെയ്തു

ഇടുക്കി: കിഴുകാനത്ത് വനവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന് സസ്പെന്‍ഷന്‍. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി രാഹുലിലെയാണ് സസ്പെന്‍ഡ് ചെയ്തത്. കാട്ടിറച്ചി കൈവശം വെച്ചെന്ന് പേരിലാണ് കണ്ണംപടി സ്വദേശിയായ സരുണ്‍ സജിയെ കള്ളക്കേസില്‍ കുടുക്കിയത്. സംഭവത്തില്‍ ഏഴ് പേരെ സസ്പെന്‍ഡ് ചെയ്തു.ഫോറസ്റ്റര്‍ അനില്‍കുമാറിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. വനം വിജിലന്‍സ് വിഭാഗം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരുകയാണെന്നും റിപ്പോര്‍ട്ട് കിട്ടിയാല്‍ കൂടുതല്‍ നടപടികളുണ്ടാവുമെന്നും വനം വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സരുണിനെതിരെ കള്ളക്കേസാണ് എടുത്തതെന്ന് ഇടുക്കി റേഞ്ച് ഓഫീസര്‍ മുജീബ് റഹ്‌മാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.യുവാവിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതിന് ദൃക്സാക്ഷികളുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.