Sunday, May 5, 2024
Local NewsNews

എരുമേലി ശബരിമല വിമാനത്താവളം; സാമൂഹ്യ ആഘാത പഠന റിപ്പോര്‍ട്ട് വിലയിരുത്താന്‍ വിദഗ്ദ സമിതി എത്തി

എരുമേലി: നിര്‍ദ്ദിഷ്ട എരുമേലി ശബരിമല വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട നടത്തിയ സാമൂഹിക പ്രത്യാഘാത പഠന റിപ്പോര്‍ട്ട് വിലയിരുത്തി ശുപാര്‍ശ നല്‍കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി ഇന്ന് എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ തെളിവെടുപ്പ് നടത്തി. സോഷ്യല്‍ പഠന റിപ്പോര്‍ട്ട് വിദഗ്ധന്‍ ബിജുലാല്‍ എം. ടിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് എരുമേലിയില്‍ എത്തിയത്.
പദ്ധതിയുമായി ബന്ധപ്പെട്ട് മുമ്പ് നടന്ന സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ടില്‍ പദ്ധതിക്കായി ഭൂമി വിട്ടു നല്‍കുന്നവര്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ വിലയിരുത്തുന്നതിനാണ് സംഘം ഇന്ന് സന്ദര്‍ശനം നടത്തിയത്. പദ്ധതി പ്രദേശത്ത് താമസിക്കുന്നവരുടെ വിശദ വിവരങ്ങളുടെ റിപ്പോര്‍ട്ടാണ് കഴിഞ്ഞ തവണ സാമൂഹ്യ ആഘാത പഠനത്തില്‍ കമ്മിറ്റി എടുത്തത്. ഈ പഠന റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കുന്നതിനും വിലയിരുത്തുന്നതുമായാണ് ഇന്ന് വിദഗ്ധസംഘം പദ്ധതി പ്രദേശത്ത്   സന്ദര്‍ശനം നടത്തിയത് . ചെറുവള്ളി എസ്റ്റേറ്റില്‍ തന്നെ മൂന്ന് സ്ഥലങ്ങളിലാണ് സംഘം തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പ് വേളയില്‍ തോട്ടം തൊഴിലാളികളുടെ ആശങ്കകള്‍ അടക്കം നഷ്ടപരിഹാര സംബന്ധിച്ചുള്ള പൂര്‍ണമായ വിവരങ്ങള്‍ അടങ്ങിയ നിവേദനം സംഘത്തിന് തോട്ടത്തിലെ വിവിധ യൂണിയന്‍ കണ്‍വീനര്‍മാര്‍ സംഘത്തിന് നല്‍കി. നിര്‍ദ്ദിഷ്ട പദ്ധതിക്കായി എരുമേലി – മണിമല വില്ലേജുകളിലായി 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. എരുമേലി ഗ്രാമ പഞ്ചായത്തില്‍ നാലാം വാര്‍ഡ് ചെറുവള്ളി എസ്റ്റേറ്റ് ഭാഗികമായും,ഒഴക്കനാട് അഞ്ചാം വാര്‍ഡ് ഭാഗികമായും , മണിമല ഗ്രാമപഞ്ചായത്തിലെ മണിമല 5വാര്‍ഡ് പ്രദേശവുമാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിലെ അടക്കം അഞ്ചോളം സ്ഥലങ്ങളിലാണ് സംഘം തെളിവെടുപ്പ് നടത്തിയത്.  ചെറുവള്ളി തോട്ടത്തില്‍ നടത്തിയ തെളിവെടുപ്പില്‍ തൊഴിലാളികള്‍ അവരുടെ ആശങ്കകള്‍ ഒന്നൊന്നായി വിവരിച്ചു . തൊഴിലും കിടപ്പാടവും നഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം പ്രത്യേക പാക്കേജ് അടക്കം ആനുകൂല്യങ്ങളെ സംബന്ധിച്ച് തൊഴിലാളികള്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടുവെങ്കിലും കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ സംഘത്തിന് കഴിഞ്ഞില്ല. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് എന്ന ഏജന്‍സിയാണ് ഇന്ന് നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശത്ത് തെളിവെടുപ്പിനായി എത്തിയത്. നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമെടുക്കുന്നത് സര്‍ക്കാരാണെന്നും ഇപ്പോള്‍ പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് പഠിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇവര്‍ പറഞ്ഞു. ഒഴക്കനാട് വാര്‍ഡില്‍ കാരിത്തോട്ടില്‍ നടന്ന തെളിവെടുപ്പില്‍ ഭൂമി നല്‍കുന്ന സ്വകാര്യ വ്യക്തികള്‍ അവരുടെ ആശങ്കകള്‍ നല്‍കി. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശ സംബന്ധിച്ച് നിലനില്‍ക്കുന്ന കേസ് തീര്‍പ്പായ ശേഷം സ്വകാര്യ വ്യക്തിയുടെ സ്ഥലം ഏറ്റെടുക്കാവൂ. ഒഴക്കനാട് വാര്‍ഡിനെ ഒഴിവാക്കി പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കണമെന്ന വാര്‍ഡിലെ ജനങ്ങളുടെ പരാതി ചര്‍ച്ച ചെയ്ത എരുമേലി ഗ്രാമപഞ്ചായത്തിന്റെ അഭിപ്രായവും വിദഗ്ധ സംഘത്തെ അറിയിച്ചു.വിദഗ്ധസമിതിയില്‍ നിന്നും ഒഴക്കനാട് വാര്‍ഡിലെ പഞ്ചായത്ത് അംഗത്തെ ഒഴിവാക്കിയതും വിദഗ്ധസമിതി അറിയിച്ചു. 2017 ല്‍ പദ്ധതിക്കായി ചര്‍ച്ച തുടങ്ങിയതിന് ശേഷം ഇതേ സ്ഥലത്ത് വീട് നിര്‍മ്മിക്കുന്നതിനായി അനുമതി നല്‍കിയതും ചൂണ്ടിക്കാണിച്ചു. പദ്ധതിക്ക് പ്രതികൂലമാണെന്ന് അറിയിച്ചിട്ടും പഠന റിപ്പോര്‍ട്ടില്‍ അനുകൂലമായി രേഖപ്പെടുത്തി . ചെങ്ങന്നൂര്‍ – പമ്പ ആകാശപാതയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ വിമാനത്താവള പദ്ധതിയുടെ പ്രാധാന്യം സംബന്ധിച്ചും നാട്ടുകാര്‍ വിദഗ്ധ സംഘത്തെ അറിയിച്ചു.സാമൂഹ്യ ആഘാത പഠന റിപ്പോര്‍ട്ട് സംബന്ധിച്ച് നാട്ടുകാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ട് നാലാഴ്ചയ്ക്കകം സര്‍ക്കാറിന് കൈമാറും. തുടര്‍നടപടികള്‍ സര്‍ക്കാരാണ് സ്വീകരിക്കുന്നതെന്നും വിദഗ്ധ സംഘം പറഞ്ഞു. സിബി മാത്യു മേടയില്‍, ഡോ. ബിജു ലക്ഷ്മണന്‍ , ഡോ. ഷഹവാസ് ഷെറീഫ് , കെ പി ജോസ് , പഞ്ചായത്ത് അംഗങ്ങളായ അനുശ്രീ സാബു , റോസമ്മ ജോണ്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍ .